Wednesday, May 25, 2011

നിനക്ക് നിന്നെയിഷ്ടം

ഇടവഴിയേറിതളർന്നുവോ നീ
ഇവിടെ സഹ്യാദ്രിയിൽ മഴക്കാലങ്ങൾ
നിനക്കറിയേണ്ടതുമതുപിന്നെയോ
നിഴൽ പെറ്റുപെരുക്കുന്നരികിലാ
പ്രാചീനസങ്കൽപ്പങ്ങൾ
പറയാമറിയണമെങ്കിലോ
പടഞ്ഞാറിനിലച്ചീന്തിലായെണ്ണതൂവുന്ന
 കുലം പോലുമൊരിക്കൽ
മണ്ണിൻ തുമ്പിലലിയും മറക്കേണ്ട
നിറക്കൂട്ടുകൾ തേടി കാലവും പായും
പക്ഷെ മൃതിയ്ക്കുള്ളിലെ നേർത്ത
ഗന്ധകപ്പുകയുമായ് വരയ്ക്കുന്നുവോ
നീയാ ജലച്ചായങ്ങൾ വീണ്ടും
ഞാനറിഞ്ഞില്ല നീയും മുഖമോ?
മുഖപടമണിയും നേരം നിന്റെ
നേരുകൾ പോലും നിന്നെമറക്കും
കാലം തെറ്റിയിടറും നിമിഷങ്ങളോടിയും
മായും പിന്നെയൊരുക്കിവയ്ക്കാം
ധനുർ യാഗശാലകൾ
ശരം നിറയ്ക്കാമൊരുക്കാമീയാവനാഴിയിൽ
പിന്നെയെനിക്കീപ്രളയത്തെയറിയാം
വിരൽതുമ്പിലൊഴുകുന്നതു ക്ഷീരസാഗരം
മഴക്കാലസ്വരങ്ങൾക്കുള്ളിൽ
ഞാനോ മറന്നു ദിക്കാലങ്ങൾ.
എനിയ്ക്കറിയാം
നിനക്കേതുയുഗത്തെ പ്രിയം
പണ്ടേ ഋതുക്കൾ പറഞ്ഞല്ലോ
നിനക്ക് നിന്നെയിഷ്ടം...

No comments:

Post a Comment