Tuesday, May 24, 2011

ഹൃദ്സ്പന്ദനങ്ങൾ


അതിരുകളഗ്നിഹോത്രം ചെയ്തു
വഴിപിരിയുമിടവേളയിൽ
യജ്ഞമകുടങ്ങളിൽവീണ
മിഴിനീരുമായാഗശാലയിലെരിഞ്ഞുവോ
പകലുകൾ പിരിയുന്നതിവിടെയാണറിയുമോ
പകിടകൾക്കുള്ളിലുംചതിയേറ്റി
ചാമരക്കുടകളെ സ്നേഹിച്ച രാജവംശങ്ങളിൽ
മരവുരിയും ചാർത്തിയഞ്ജാതവാതങ്ങൾ
ഇനിയും തുടങ്ങാം നമുക്കായീച്ചോലമിഴികൾ
നനഞ്ഞേയ്ക്കാമെങ്കിലും
കാനനച്ചിറകിൽ പറക്കാം
മരച്ചില്ലയിൽ കുടിൽ പണിയാം
പതുക്കെ നടക്കാം
പുരാണങ്ങളെഴുതുന്ന ഹൃദയത്തെയൊരു
നേർത്ത ഗന്ധർവസ്വരമാക്കി മാറ്റാം
തീർഥങ്ങളിൽ മുങ്ങിയിനിയും നടക്കാം
പലേകാലമീയഞ്ജവേദമന്ത്രങ്ങളെയരണിയിൽ
നിന്നും കടഞ്ഞെടുത്താദിമപ്പുരകളിൽ
വീണ്ടും നിറയ്ക്കാം
അറിയുവാനാവാത്തതൊക്കെയും
കോറിയട്ടരികിലായ് കോലമിട്ടൊഴുകുന്ന
ദു:സ്വപ്നവഴികളെ മെല്ലെ കടക്കാം
യജ്ഞമിനിയും തുടങ്ങാം
അഗ്നിയുണരട്ടെ വീണ്ടുമീ മൺവിളക്കിൽ
യജ്ഞഹവനങ്ങളെ താങ്ങി
നിൽക്കുന്ന ഭൂമിയുടെ മൊഴികളെ കേൾക്കാം
വേദഹൃദയം പകർന്നെടുക്കാം...

No comments:

Post a Comment