Tuesday, May 24, 2011

സ്വപ്നമേ! നീയും മിഴിയടച്ചങ്ങുറങ്ങുക

സ്വപ്നമേ! നീയെൻപ്രിയ
നക്ഷത്രമിഴികളിലെത്രയോകാലം
തപസ്സിരുന്നു
യുഗാന്ത്യത്തിലെത്രയോ
കൽഹാരങ്ങൾ വിടർന്നു
പക്ഷെ സർഗഭിത്തികൾക്കുള്ളിൽ
ചാന്തും ചിന്തേരും മുക്കി
പഴേ യുക്തികൾ ചിതൽതിന്ന
ഗ്രന്ഥശാലകൾക്കുള്ളിൽ
ഇത്തിരിപ്പോന്നോരുളി  ചീന്തിയ
ദിക്കാലങ്ങളെത്തിയതിവിടെയീ
പ്രളയത്തിരയേറ്റാൻ
കവിതയ്ക്കിന്നും ഭംഗിപോരാ
മുകിൽതുമ്പാലുലയ്ക്കാമുടയ്ക്കാമീ
നേത്രഗോളങ്ങൾ കണ്ടുമടുത്ത
പുരങ്ങളിൽ യോഗമുദ്രകൾ തേടി
നടക്കാം അരങ്ങളാൽ മൂർച്ചകൂട്ടാമി
വെള്ളിയുടവാൾ, മുറിയ്ക്കാമീ സന്ധ്യയെ;
രക്തം ചിന്തുമസ്തമയത്തിൻ
തേരിൽ മറയ്ക്കാം ദിഗന്തത്തെ 
മിഴിയിൽ സ്വപ്നങ്ങളോ കടന്നൽക്കൂട്ടങ്ങളായ്
പറന്നീടുന്നു മഴക്കൂടുകൾ തേടി
ചിത്രപടങ്ങൾ നിവർത്തിയീ ബാല്യകാലത്തിൻ
ചിത്രശലഭങ്ങളും പറന്നകലും ഗ്രാമത്തിന്റെ
പടിയിൽ പണ്ടേ ശിരോപടങ്ങൾ മറന്നിട്ട
പഴയ കാലത്തിന്റെ പ്രതിഷ്ഠാശിലയിലായ്
സ്വപ്നമേ! നീയും മിഴിയടച്ചങ്ങുറങ്ങുക..

No comments:

Post a Comment