Wednesday, May 18, 2011

സ്മൃതിവിസ്മൃതികൾ

ഒരിയ്ക്കൽ മഴപെയ്യും
സന്ധ്യതന്നരികിൽ ഞാനെഴുതീ
സമുദ്രങ്ങൾ തിരയേൽക്കുമ്പോൾ
പിന്നെ നിനക്കായൊന്നും കൈയിലെടുത്തില്ലൊരു
ശംഖിലുറങ്ങും സ്വപ്നങ്ങളെ ഭൂമിയുമെടുത്തല്ലോ
പറഞ്ഞേറുമ്പോൾ പല മുകിൽച്ചീന്തിലും തട്ടി
മുറിഞ്ഞു, മഴക്കീറുമതിലെ സർഗങ്ങളും
വഴിയ്ക്ക് തടഞ്ഞൊരു തണുത്തമൊഴിപോലെ
പറയാനെഴുതാനുമിനിയെന്തിരിക്കുന്നു
ഇടനാഴിയിൽജനവാതിലിനരികിലും
പതിയെ പദംവച്ചു നടക്കും നിനക്കായി
പണിയാം ഞാനുമൊരു വെൺകല്ലിൻകുടീരമാ
യമുനയൊഴുകട്ടെ കദനപ്പൂപ്പാത്രത്തിൽ
പറയാനൊരുപാടു ബാക്കിയെങ്കിലും
പണ്ടേ പറഞ്ഞുകഴിഞ്ഞല്ലോ മേഘദൂതുകൾ
പിന്നെപറഞ്ഞുതുടങ്ങിയാലൊതുങ്ങില്ലതുമൊരു
കടലായ്തീരും; തീരമണലിൽ കത്തും
സന്ധ്യാവിളക്കും കെടും,
സാന്ധ്യചക്രവാളവും മായും.
നിന്നെ ഞാനറിയില്ല പണ്ടേപ്പോലിന്നും
പിന്നെയെന്തിനെൻ വാതിൽക്കലായ്
കാവലേറ്റുന്നു; മാഞ്ഞു മഞ്ഞുകാലവും
കുടയേറ്റവും, തീരാത്തൊരു മൗനവുമതിന്റെയാ
ശബ്ദകാഹളങ്ങളും..
നിന്നെഞാനറിയില്ല പണ്ടേപ്പോലിന്നും
പഴേ ശംഖുകൾക്കുള്ളിൽ പോലും നീയില്ല
കടലിന്റെയുള്ളിലും തേടീഞാനും കണ്ടില്ലയൊരുവേള
കണ്ടേക്കാം മഷിവീണതുണ്ടുകൾക്കുള്ളിൽ
പക്ഷെയെന്റയീ മഴക്കാലസന്ധ്യയിൽ
കടലാസുതുണ്ടുകൾ
പറന്നുപോയന്യദേശങ്ങൾപൂകി
ഞാനെഴുതിലും മങ്ങി മാഞ്ഞുപോവിലും,
നിഴൽക്കൂടുകൾക്കുള്ളിൽചിറകറ്റുവീഴിലും,
നിന്റെയാരവം കേൾക്കെ പടിയടിച്ചുനടക്കിലും
നിനക്കുമില്ലാ പരിഭവങ്ങൾ
പിന്നെ പടി‍-പുരവാതിൽക്കൽ
തന്നെയെന്തിനു നീ നിൽക്കുന്നു

No comments:

Post a Comment