Monday, May 9, 2011

തമസോ മാ ജ്യോതിർഗമയ

ഉറക്കാനാവുന്നില്ല വാക്കിനെ
സംവൽസരമുണരും ത്രുടിയ്ക്കുള്ളിലൊരു
മാത്രയെന്നോണമുറക്കാൻ പണിപ്പെട്ട
കാലമേ, കുലത്തിന്റെ കഥയോ
കാണാതായ സ്വപ്നമോ നീ യാചിച്ചു നടന്നു
നിഴൽപ്പാടിലുലച്ച ശസ്ത്രങ്ങളിൽ
മുറിയുന്നുവോ വിധി
വഴിമുറിയും പൂരുവംശഗതിയിൽനിന്നും
രഥമുകളിൽ വിഷാദങ്ങൾ
കൂടുകൂട്ടീടുന്നുവോ
അകലെയിന്ദ്രപ്രസ്ഥമന്ദിരങ്ങളിൽ
രാജകലകൾ വിൽക്കും സ്നേഹം
കർണ്ണനെ തേടുന്നുവോ
കവചമെവിടെയാ കുണ്ഡലം മറന്നുവോ
എവിടെയന്യം നിന്ന വാക്കിന്റെ
സൂക്ഷ്മാകാരം
പകലിൻ പടിമുഖത്തിരിക്കുമ്പോഴും
കാഴ്ച്ചക്കരികിൽ മഹാദ്വീപമിരുട്ടിൽതന്നെ
മിഴിയടച്ചു നക്ഷത്രങ്ങൾ മറച്ചുപാടാം വീണ്ടും
തമസ്സിൽ നിന്നും ജ്യോതിർനാളങ്ങളുയരട്ടെ
വിളക്കണച്ചുതിരിനാളങ്ങൾ താഴ്ത്തി
മന്ത്രം ജപിക്കാം വീണ്ടും വീണ്ടും
തമസോ മാ ജ്യോതിർഗമയ

No comments:

Post a Comment