Monday, August 29, 2011


പര്യായങ്ങൾ
ഒലിവിലയിലൊഴുക്കിയ 
കാർമേഘവർണമതിൻ
പേരോ ദയ?
ബാഴ്സിലോണയുടെ
പതാകയുമായോടിയ
ഭാദ്രപദമോ ദയ?
സ്വച്ഛമാം താളുകളിൽ 
ഇന്നെന്തിനെഴുതിയോർമ്മപ്പെടുത്തണം
ദയയുടെ പര്യായങ്ങളെ
മാറിയ ഋതുക്കളുടെചില്ലയിൽ
തണുത്ത ലോകം പോലെ
ദക്ഷിണധ്രുവം പോലെ
ഇടയ്ക്കിടെയെഴുതിയിടാം
ഒരു വശം താഴ്ന്ന തുലാസിൽ
അരുളപ്പാടുകൾ...
പലാശവർണമാർന്ന
ഒലിവിലതളിരിൽ 
നീ തട്ടിതൂവിയ
ഒരുകുടം പ്രതിക്രിയയോ ദയ... 
കരുണാമയനായ ദൈവമേ
ക്ഷമിച്ചാലും
ഇന്നതിനർഥവുമെന്തെന്നറിയാതെ
പോവുന്നു...


ആകാശയാനങ്ങൾക്കരികിൽ
തുമ്പപ്പൂപോ വിരിയും
ആകാശയാനങ്ങൾക്കരികിൽ
ഭാദ്രപദമൊരു മുറിവ്
ചന്ദ്രക്കലപോലെവളഞ്ഞ മുറിവ്
അതിനരികിൽ
തീക്കനലിലേക്കിട്ട
ചിത്രശലഭച്ചിറകുകൾ
തേടിവരുന്നതാരോ?
ചുമരെഴുത്തുകൾ ചെരിയുന്നു
ഒരുവശത്തേയ്ക്ക്
ടോറേപെൻഡന്റെഡി പോലെ
ചെരിയും ഗോപുരഭിത്തികളിൽ
ചെരിവുകൂട്ടാനെന്നപോൽ
വീണ്ടും ഒരുവശത്തേയ്ക്ക്
ചെരിയുന്നതാരോ??
ഇമയനങ്ങും നേരം
മുന്നിൽ കണ്ട
അരോചകമാമഹപർവത്തിൽ
നിന്നൊഴുകിയ
ഒരാണ്ടിനിരുണ്ടയിടനാഴിയിലെ
പൊലിപ്പിച്ചൊരു പൊള്ളക്കൂട
ചിത്രശലഭങ്ങൾക്ക് 
ചരമഗീതമെഴുതാനയോഗ്യം..
സ്തുതിപാലകരിൽ 
മയങ്ങിവീഴുമൊരു ഋതു
ഭൂപ്രദിക്ഷണവഴിയിൽ
കാണാത്തതിനാലാകും
ചെരിയുന്ന ഗോപുരങ്ങൾക്കകലെ
സമുദ്രഹൃദയം ഘനരാഗങ്ങൾ 
തേടിയുൾക്കടലിലേയ്ക്കൊഴുകിയത്...





Sunday, August 28, 2011


വീണാതന്ത്രികൾതേടി 
ഇന്നേതുചായമിടും
പുറംചട്ടയിലെന്നോർത്തു
വലഞ്ഞിരിക്കുന്നു
വർത്തമാനകാലം..
കനലെരിയും 
ഉലയിലിത്തിരിയുമിതൂവി
മോടികൂട്ടുന്നുവോ
മാതൃരാജ്യത്തിൻ മൺചെപ്പുകൾ...
ആകാശമേയറിഞ്ഞാലും
അടയാളങ്ങളിലൊഴുകും;
ഉപവസിക്കുമുണ്മയുടെ
മാറ്റുകുറയ്ക്കും
അധികനിറങ്ങളെ..
പ്രളയമുലച്ച വീണാതന്ത്രികൾതേടി 
സമുദ്രമേ!
മുനമ്പിലെത്തിയിരിക്കുന്നു
ഹൃദ്സ്പന്ദനങ്ങൾ..
ഇന്നേത് സ്വരമെഴുതും
രാഗമാലികയിലെന്നോർത്തു
വലഞ്ഞിരിക്കുന്നു ഭൂമിയും...

Saturday, August 27, 2011


മൊഴി
പെയ്യാതെപോയ
മേഘമാർഗത്തിൽ
സന്ധ്യയെഴുതിയതും
പകൽ തട്ടിൽ വീണ
വെളിച്ചത്തിനവസാനരശ്മിയിൽ
നിറഞ്ഞതും നിർമ്മമയായൊരു
നിശബ്ദതയായിരുന്നു
മൂടിക്കെട്ടിയ സായാഹ്നത്തിനും,
ആരവമേറ്റിയ നാൽക്കവലകൾക്കും 
പകൽ വെയിലേറ്റു തളർന്നൊരു
തണൽമരച്ചോട്ടിലൂടെയോടിയ
നിമിഷങ്ങൾക്കും തിരക്കായിരുന്നു
അമ്പലമണികൾക്കരികിൽ
തിരക്കുമറന്നൊരു ഗ്രാമത്തിനോർമ്മയിൽ
വിളക്കേറ്റിയ കൽതട്ടുകളിലൂടെ
പ്രകാശം അരയാൽതറയിലൊരു
പുൽപ്പായയിലിരുന്നെഴുതും
മനസ്സിൽ പൂവായിവിരിഞ്ഞപ്പോൾ
സ്മൃതിയിലൊരുവിസ്മൃതിമുദ്രയേറ്റിനിന്നു
വർത്തമാനകാലം..

Friday, August 26, 2011

ദൂരമളന്ന ചരടിൻതുമ്പിൽ

ഭൂമിയിൽ നിന്നും
ചക്രവാളത്തിലേയ്ക്കുള്ള
ദൂരമളന്ന ചരടിൻതുമ്പിൽ
മിന്നി ഒരു മഴമുത്ത്...
എഴുതിയിട്ട ചൂണ്ടുപലകളിൽ
നിന്നൊരക്ഷരം 
വിരൽതേടിവന്നു
അതിലൊഴുകി
കുളിർന്ന മണ്ണിൻ സുഗന്ധം
ആവർത്തനവിരസമെങ്കിലൂം
ആന്ദോളനങ്ങളിൽ നിറഞ്ഞു
സുഗന്ധവ്യജ്ഞനങ്ങളുടെ
ഗന്ധം...
തട്ടിതൂവിയിട്ട
വെയിലിനരികിൽ
സപ്പോർട്ടമരങ്ങൾ..
തണൽതേടിയോടിയ
സായാഹ്നം മറന്നിട്ട
പകലിൻ ദൂരമളന്നുതീർത്ത
സന്ധ്യാവിളക്കിലും
മിന്നി ഒരു മഴമുത്ത്....





Thursday, August 25, 2011



ഈറനൊതുക്കിയുണർന്ന പ്രഭാതമേ

ഈറനൊതുക്കിയുണർന്ന
പ്രഭാതമേ!
കാണുകയീസമുദ്രത്തിനൊഴുക്കുകൾ
എത്രവിശാലമുപവസിക്കും
ജപസ്വപ്നങ്ങൾ നിർജീവ 
പത്രങ്ങളിൽ തൂവിയിട്ടൊരു പൂവുകൾ.. 
ധ്യാനത്തിൽനിന്നുമുണർന്നുവോ
ഗോളങ്ങൾ
തേടുന്നുവോനിഷാദങ്ങളാ
ദൈവതം...
ആകാശമെത്രയോ ശുഭ്രം;
നിശൂന്യമാം പാതകൾ 
തേടിപറന്നുനീങ്ങും
ഗ്രഹപേടകമെത്രയോ
 സങ്കീർണമിന്നതിൻ
ലോഹപ്പരപ്പിൽ ചുരുങ്ങുന്നു
ചിന്തകൾ..
ഈറൻപുരണ്ടമുഖവുമായ്
ദിക്കുകൾ തേടിയോടുന്നുവോ
കാർമേഘ ഗദ്ഗദം?
വന്മതിലേറുന്നതേതു
വൈരുദ്ധ്യങ്ങൾ,
ജന്മങ്ങളേതുകർമ്മത്തിന്റെ
ദു:ഖങ്ങൾ?
സങ്കീർത്തനം ജപമാല
തേടുന്നുവോ
സങ്കടങ്ങൾ മഴനീർകുടിക്കുന്നുവോ
കാണാമകലെയാ ചക്രവാളം
ചുറ്റുമേകാന്തയോഗികൾ, 
നക്ഷത്രനൗകകൾ..
കാലമോ മെല്ലെപദം വച്ചുനീങ്ങുന്നു
കാലിടിറുന്നതിന്നാർക്കെന്നറിയില്ല
എങ്കിലുമിന്നീപ്രഭാസതീർഥം 
പോലുമൊന്നായുറഞ്ഞൊരു
ചെപ്പിലൊളിക്കുന്നു..


പാദമുദ്ര
ശബ്ദരഹിതമാം
ശൂന്യതയിൽ
തപദീപ്തമാമൊരു
ജപമാല..
സങ്കീർത്തനം.....
കാണുന്നു
ആത്മാവുടച്ചുലച്ച,
ഉടഞ്ഞയോരോതുണ്ടിലും
വീണ്ടും വീണ്ടും
നോവേറ്റിയ
സ്വസ്തികദു:ഖം...
ആ പാദമുദ്ര...
അതിനൊരവകാശിയോ
അത്ഭുതകരം..
ഓർമ്മിക്കാനായ്
ഒരോമുറിഞ്ഞതുണ്ടിലും
അതിൻ പകർപ്പുണ്ട്
മായ്ച്ചിട്ടും മാഞ്ഞുപോവാത്ത
മുദ്ര...
വിശ്വസിനീയമായൊരവിശ്വാസ്യതയിൽ
ഉടഞ്ഞയാത്മാവിൻ
തുണ്ടുകൾ ചോദിച്ചേക്കാം
അത്രമേൽ പ്രിയമെന്നെഴുതിയ
ആ പാദമുദ്ര 
നിന്റെയായിരുന്നുവോ??


പ്രശാന്തമായൊരു സന്ധ്യയിൽ...
ഡൗറാനദിതീരം കണ്ട്
അറ്റ്ലാന്റിക്കിനരികിലൂടെ
ഗ്രന്ഥശാലയിൽ നിന്നുണർന്നുവരുന്നു
ഒരുന്മാദഗീതവുമായ് 
പോർട്ട്കേയലിൻ കവി... 
ഓരോയിതളിലുമാവൃതം
ലോകം..
ഒരോചെപ്പിലുമൊരുകവിത
ഒരു ദൈന്യം..
ആവൃതമതും..
അരികിൽ
ഒഴുകുന്നു മഴപോൽ,
മനോഹരമാം 
തണുപ്പാർന്ന
പ്രഭാതം പോൽ,
പണ്ടെന്നോ
വസന്തകോകിലമൊരു
മാന്തളിരിലെഴുതിയ ഗാനം
ഹൃദയതന്ത്രിയിലലിയും പോൽ
ശാന്തിനികേതനം..
തളിർമരങ്ങളിലൊഴുകും
മഴതുള്ളിയിലോ
പ്രശാന്തമായൊരു
സന്ധ്യാദിപത്തിൻ
മിന്നുമിതളുകൾ..



Wednesday, August 24, 2011


ഏതുമർമ്മരമാണുയരുമലയിൽ??

ഒരരികിലലയേറും സമുദ്രം...
നിശബ്ദമാം ചക്രവാളമതിനരികിൽ
മണൽപ്പൊട്ടുകളിലൊഴുകി
മായുമവ്യക്തമാം മുദ്രകളേറ്റിനിൽക്കും
തീരമേ!
ഏതുമർമ്മരമാണുയരുമലയിൽ...
മുനമ്പിലൊരു
ദശാവതാരകഥയെഴുതും
നൃത്യരൂപം..
തണുപ്പാർന്ന കൽശിലകൾക്കരികിൽ
ക്ഷീരസാഗരമുറങ്ങുമറകൾ..
എവിടെയാണക്ഷരകാലമിടറിയത്
ഒരുവരിക്കവിതയിലോ,
മേഘതുടിയിലോ?
ഒഴുകും സമുദ്രമേ
ഓർമ്മയുടെ ശംഖുമൊളിക്കുക
ആഴക്കടലിൽ...
നേരിയതുചുറ്റിയെത്തും
പ്രഭാതത്തിനരികിലീറനണിഞ്ഞ
പുൽനാമ്പിലുറങ്ങുന്നുവോ
ഒരു മഴതുള്ളി
ഒരുവരിക്കവിത....

ഇതൾപൊഴിയും പകലിനരികിൽ
ചുമരായൊരുചുമരിലെല്ലാമെഴുതി
ഒടുവിലെഴുതാൻ
ലോകത്തിനവസാനബിന്ദുവിൽ 
തൊട്ടുനിൽക്കും ചക്രവാളമേ
കണ്ടാലുമീപാതയോരത്തെ
അരളിമരങ്ങൾ...
പൂകൊഴിഞ്ഞുവീഴും വഴികൾ
നുറുങ്ങിലയിൽ
വീണുലഞ്ഞൊഴുകും
മഴതുള്ളികൾ..
വഴിവക്കിലങ്ങിങ്ങായ്
ഉപവസിക്കുമുലഞ്ഞ
കൂട്ടായ്മയുടെ നൈരാശ്യം..
ഇതൾപൊഴിയും
പകലിൻ തീരത്തീറൻമുടി
നീർത്തിനിൽക്കും സന്ധ്യ
വെൺചുമരിനിടയിലിടയിൽ
നീർത്തിയിടും
വർത്തമാനകാലചിത്രങ്ങൾ...
കണ്ടാലുമിവിടെയീയവസാനവിശ്വബിന്ദു..
എല്ലാം ചുരുങ്ങിയാൽത്തറയിൽ
കനലായെരിഞ്ഞൊടുങ്ങുന്നുവോ
ഒരു കൽവിളക്കിൽ....

മൂന്നുകടലിൻ കഥ
ദർപ്പണമുടയും നേരം
ലോകവുമുടഞ്ഞുവോ
ഉടഞ്ഞലോകത്തിൻ
മൺ തരികൾ കണ്ട്
എഴുതാനെത്തിയ
മുനമ്പിൽ
തിരകൾ മൂന്നുകടലിൻ കഥയും
കടലിൻ നിധിയും തന്നു
ആൾക്കൂട്ടത്തിനാരവും
കടലിനിരമ്പവും
മഴയിലലിഞ്ഞ നാളിൽ
ഭൂമിയുടെയൊരു
മൺതരിയിലൊഴുകിവന്നു
ഹൃദയം...
അതിൽ നിറഞ്ഞു
ആലാപനത്തിലുണർന്ന
അനുസ്വരങ്ങൾ...

Tuesday, August 23, 2011


ധ്വനി
സമുദ്രമേ!
പ്രഭാതത്തിൻ
നൈർമ്മല്യമാർന്ന
പതാകയുമായ്
ഉപദ്വീപിൻ പാതയോരങ്ങളിൽ
കടും തുടിയേന്തിനീങ്ങും
സ്വതന്ത്രചിന്തകളിലലിയും
തണുപ്പാർന്ന വിപ്ലവം
കണ്ടാലും..
കൈതപൂക്കും 
വരമ്പിനരികിലിരുന്ന്
പുഴയുടെയടിയൊഴുക്കുകൾ കണ്ട് 
മഴതുള്ളിവീഴുമൊരു
രാഗമാലികയിൽ
തുളുമ്പുമൊരു സ്വരം..
പ്രണവധ്വനി.....
ചിത്രകമാനങ്ങളിൽ തൂവിയ
ശുഭ്രപ്രഭാതവർണങ്ങളിൽ
ഹൃദ്യമീപ്രപഞ്ചം.....




ഇന്നോർമ്മിക്കാം.
ഇന്നോർമ്മിക്കാം..
പകൽതീർന്ന
ചെപ്പിലേയ്ക്കൊഴുകിയ
മനോഹരഗാനത്തിൻ
ശീലുകൾ..
ഋതുക്കളിൽ നിന്നരികിലൊഴുകും
മഴതുള്ളികൾ..
തിരുത്തിയെഴുതേണ്ട
തട്ടിയുടഞ്ഞ സ്വപ്നക്കൂടുകൾ
നെരിപ്പോടിലെന്നോ പുകഞ്ഞ 
മനസ്സിലെരിഞ്ഞ ദൈന്യമെഴുതിയ
മൊഴികൾ...
ദിനാന്ത്യത്തിനടിക്കുറിപ്പുകൾതേടി
കുടമണികൾ കുലുക്കിയോടിയ
നിമിഷങ്ങളിൽ നിന്നൂർന്നുവീണ
ലോകം നടന്ന വഴിയിലെ
നൂൽചുറ്റുകൾ..
ഇന്നോർമ്മിക്കാം
പാഠശാലയിലെഴുതിയിട്ട
ആദ്യക്ഷരങ്ങൾ
അക്ഷരപ്പിശകുകൾ....



Monday, August 22, 2011


മനസ്സിനും ഹൃദയത്തിനുമിടയിൽ
ഒരുണർത്തുപാട്ട് തേടി 
മുനമ്പിലുദയാസ്തമയം
കണ്ടൊടുവിൽ
ജപദീപ്തമാം കൽമണ്ഡപമേറി
തപസ്സിലായി ഒരു സ്വരം..
മനസ്സിൻ 
വാല്മീകമുടച്ചാദികവിയെഴുതി
അനശ്വരമാമൊരു കാവ്യം...
നിലാവിനുടഞ്ഞ
പാൽക്കുടങ്ങളിലൊഴുകി
തണുത്ത പ്രകാശം...
കവചങ്ങൾ തേടി
പരിചകളുരസിയൊടുവിൽ
മിന്നിയ കനലിൽ
വർത്തമാനകാലം നെയ്തു
ചമത്ക്കാരങ്ങൾ ..
മനസ്സിനും ഹൃദയത്തിനുമിടയിൽ
മഴപെയ്തുകൊണ്ടേയിരുന്നു
അമൃതവർഷിണിയിൽ..


പ്രകാശവേഗത്തിനരികിൽ
തൂവൽതുമ്പിൽ നിന്നും
നാരായമുനയേറ്റിയോലയിൽചുറ്റി
ദിക്കാലങ്ങളിൽ പെരുമ്പറയേറ്റി
ദിഗന്തമുറിവിലൂടെയാകാശമേറി
കടും തുടികൊട്ടി താണ്ഡവമാടി
അഹം..
പൂട്ടിയിട്ട താഴുകളുടച്ച്
പ്രകാശവേഗത്തിനപ്പുറം
പ്രകമ്പനമായ് 
മനസ്സിനൊപ്പമോടി
ചിന്തകൾ ..
ഉടഞ്ഞ സ്ഫടികചെപ്പിലെ
മുറിവുണക്കി കല്ലാൽ പണിതൊരു
കൂട്ടിലിരുന്നെഴുതി
ഹൃദയം...
ഋതുക്കളാം ചേലചുറ്റി
തുടുത്തപൂക്കളേറ്റി ചന്ദനം തൊട്ട്
മൃദുവാം മൊഴിയെഴുതി
ശിരസ്സിൽ തലോടി
ഇമയനങ്ങുമ്പോളാകുലപ്പെട്ട്
പ്രകാശവേഗത്തിനരികിൽ
കാവലായിരുന്നു
അന്തരാത്മാവ്....

Sunday, August 21, 2011



മഴയിലൊഴുകുന്നുവോ ആകാശഗാനം...

മഴതൂവും
കാറ്റിൻ മർമ്മമൊരു
കാവ്യം..
ഞാറ്റുവേലക്കിളിപാടാൻ
മറന്നൊരു പാട്ടുമായ്
തിരയേറിവരുമുഷസന്ധ്യ
പുരാതനഗോപുരങ്ങളിൽ
കൽപ്പണിചെയ്യും
നിമിഷങ്ങൾ തട്ടിതൂവും
ഒരിറ്റുനീർക്കണം
ആലാപനത്തിനിടയിലുലഞ്ഞ
ഒരു സ്വരം കടമായെടുത്ത 
കദനം പെരുക്കിയ കൽശിലകൾ...
അരമേറിയ മൺതരിയിൽ
വിസ്മയമായ് പൂക്കും
മൃദുമൊഴികൾ
മഴയിലൊഴുകുന്നുവോ
ആകാശഗാനം...


ലോകത്തിനെത്ര മുഖങ്ങൾ
ലോകത്തിനെത്ര മുഖങ്ങൾ
ചെറിയചുമരിലെഴുതിയിടും
അനവദ്യസൃഷ്ടികൾ
തൂക്കം തെറ്റിയളക്കും
തുലാസുകൾ..
ഋതുക്കൾ മുഖം പൂഴ്ത്തിവീഴും
കടുംകെട്ടുകൾ..
നിർണയരേഖകൾ
സൂക്ഷിക്കും ചതുരക്കളങ്ങൾ..
തകരും നെടും പുരകളിലിരുന്ന്
അസമത്വവാക്യങ്ങൾ 
തേടുന്നവരോടെന്തുപറയാൻ
മുഖാവരണങ്ങളിൽ
മനസ്സിലെ നിഴൽ മൂടാനൊരുങ്ങും
വിധിന്യായങ്ങൾക്ക്
ഇനിയേതുമറുമൊഴിയേകും?
തുടർക്കഥയിലെഴുതാനിനിയെന്താണാവോ
വേണ്ടത്..
വേണമെങ്കിൽ
ചുരുക്കിയൊതുക്കിയ
ഋതുക്കളിലെ കനൽ വർണമെടുക്കാം
തിരശ്ശീലകൾക്ക് മോടികൂട്ടാം
പിന്നെയവിടെയുമിവിടെയും
മുറിയും നേരമിടയിലൊരു
പരവതാനിയിലൂടെ
നിമിഷങ്ങളാം മേഘസാമ്രാജ്യത്തിലൂടെ
ലോകമൊരുക്കും നിത്യവിപ്ലവങ്ങൾ 
കണ്ടുണർന്നിരിക്കാം
ലോകാവാസാനം വരെയും..
സങ്കടങ്ങളെ ഗുണനപാത്രത്തിലിട്ട്
പൊലിപ്പിക്കാതിരുന്നാൽ
ഈ പ്രപഞ്ചമെത്രയോ 
മനോഹരം...
ജാലകവിരിയ്ക്കപ്പുറം
വളരുന്നുവോ ലോകം
ഒരു വിസ്മയമായ്...



Saturday, August 20, 2011


ഓർമ്മകൾക്കപ്പുറം
ഓർമ്മകൾക്കപ്പുറം
ചുമരിൽ നിന്നൊഴുകുന്നു
ഭൂപടചിത്രം..
രേഖാങ്കിതമാം മൺചെപ്പുകൾ
മൂടിതുറന്നതിരുകൾ
മായിച്ചണിയായ് നീങ്ങുമ്പോൾ
മുഖാമുഖം പെയ്തൊഴിയും
മഴക്കാലമേഘങ്ങൾ...
വർത്തമാനകാലം
മൺചെപ്പിലിറ്റിക്കുന്നു
ഋതുവർണങ്ങൾ......
കൽതൂണുകൾക്കരികിൽ
മറഞ്ഞുനിൽക്കും
ദ്വാപരയുഗം..
അതിനരികിൽ
അവൽപ്പൊതിയുമായ് നീങ്ങും
ആർദ്രമാം ഗ്രാമം...
ചുരുളഴിയും ഭൂപടചിത്രങ്ങളിൽ
നിന്നിറങ്ങിവരും 
മഴയിലലിയും മണ്ണിൻ സുഗന്ധം
രാവിലുറങ്ങും മുൻപേ
നക്ഷത്രങ്ങളേകിയ
പൊൻ തുണ്ടുകൾചുറ്റിയുണരും
കവിതയെന്നപോൽ
പ്രാർഥനാനിർഭരമാം
ശാന്തിനികേതനം....

എല്ലാം മറന്നുറങ്ങും ഗ്രാമമേ
വെള്ളിലപൂവുകൾ കൊഴിയും
മൂടിക്കെട്ടിയ സായാഹ്നത്തിനരികിൽ
യാത്രയ്ക്കൊരുങ്ങും പകൽ
ഉപവസിക്കുമുണർത്തുപാട്ടിൻ
മൃദുവാം ലയമരികിൽ...
ഉടഞ്ഞചില്ലുകളിൽ
അഭിനവകുലധർമ്മവചനങ്ങൾ
ധർമ്മവ്യാധവചനങ്ങൾ..
എഴുതിതീർന്നൊരു
പുരാണത്തിൽ മായ്ച്ചിട്ടും
മായാത്ത മഷിപ്പാടുകൾ...
മഴക്കാടുകളിൽ ത്രിസന്ധ്യയുടെ
മുഴങ്ങും മന്ത്രജപം...
എല്ലാം മറന്നുറങ്ങും ഗ്രാമമേ
ഏതുസ്വപ്നത്തിലാവുമാൽതറയിലൊരു
മഴയിഴചേർക്കും കവിതയുണരുക......

Friday, August 19, 2011


മഴതുള്ളികൾ
പൂർവാഹ്നമേറ്റും
തണുത്ത മൺകുടങ്ങളിലുണരും
ലോകത്തിനെത്രയതിരുകൾ..
ജാലകവിരിനീക്കികാണും
ത്രിവർണത്തിനരികിൽ
മണൽപ്പാടിനീറൻചുറ്റിയ
തീരമേ!
എഴുതും മുനമ്പിൽ നിന്നുകാണും
ചുറ്റുവിളക്കേറ്റും 
ചക്രവാളത്തിനരികിൽ
നിശ്ചലമോ ഗ്രഹദൈന്യങ്ങൾ...
ദിനാന്ത്യകുറിപ്പിലിടറിവീണ
മനസ്സെഴുതിസൂക്ഷിക്കും
അനുസ്മരണങ്ങളുടെ
ഭാരമേറും ഹൃദയത്തിനരികിൽ
വിരൽതൊടുമ്പോളലിയും
പ്രഭാതത്തിനിറ്റുവെണ്ണ..
ഒരതിരിൽ
യാദവബാബയിലെത്തി
നിൽക്കും ജനകൗതുകം..
അതിരുകൾക്കപ്പുറം
ഉൾക്കടൽ തേടിയൊഴുകും
നിറങ്ങളെല്ലാമലിയും
മഴതുള്ളികൾ....


ആകാശമേയെഴുതിയാലും
വിരൽതൊടുമ്പോൾ
വീണയുണർത്തുന്നു
അന്തരഗാന്ധാരം...
പ്രകൃതിജീവധാരയിൽ
ധൂപമേറ്റും
പ്രദക്ഷിണവഴിയിൽ
നൂൽനൂറ്റൊരു
ചരിത്രതാളിതളിലൊഴുകിമായും
ഋതുക്കൾ..
എഴുതാനിനിയേതു യുഗം?
പ്രഭാതത്തിനിലച്ചീന്തിൽ
മഴക്കാലത്തിനോർമ്മ
ഒരു മഴതുള്ളി,
ഒരുപൂവിതളിൽ
നിന്നുണരും കവിത...
അതിനരികിലോ
കണ്ടുമതിതീർന്ന ലോകം...
അറയിലൊരുദീപത്തട്ടിൽ
ഓട്ടുവിളക്കിനരികിൽ
ശിരസ്സിൽ തലോടുമൊരക്ഷരം
സ്വർണം തൊട്ടെഴുതിയൊരാദ്യക്ഷരം
എഴുത്തോലകളിലുറങ്ങും
ഓർമ്മകൾക്കിന്നും ബാല്യം..
ആകാശമേയെഴുതിയാലും
കടൽ ശംഖിനുള്ളിൽ
ഹൃദ്യമാമൊരു കാവ്യം..




മഴക്കാലസായാഹ്നത്തിനരികിൽ
ശംഖിലൊളിക്കാനാവാതെ
മനസ്സിലേയ്ക്കൊഴുകും കടൽ...
നനുത്തമൺതരിയിലൊഴുകും
മഴക്കാലസായാഹ്നത്തിനരികിൽ
തീർപ്പെഴുതിനീട്ടുമൊരായിരം
അനുപത്രികകൾ..
ആകാശത്തിനതിരുകളിൽ
പെയ്യാതെയെയുറയും
മേഘങ്ങൾ..
നടന്നുനീങ്ങും വഴിയിലാരവം..
വഴിയോരക്കാഴ്ചകളിൽ
മഴതുള്ളികൾ...
സന്ധ്യാദിപങ്ങളിൽ നിന്നും
ഹൃദയത്തിലേയ്ക്കിറ്റുവീഴും
പ്രകാശം...
ഏതിലൊളിപ്പിക്കുമീ
ഹൃദ്യമാം കൃതി,
സ്വരസ്ഥാനങ്ങൾ..


രാഗമാലിക...
ഗ്രാമം തീർഥം തൂവിയ
ഉഷസ്സിൽ 
തൂവൽ പോലൊഴുകും
ആദ്യലിപി
നൂറ്റാണ്ടുകൾ വേദം 
പകുത്തേറ്റിയ
ഓലതുമ്പിലുടക്കിവീണ
ഒരു രുദ്രാക്ഷം..
സ്വരമുടയുന്നുവോ
ചില്ലുകളിൽ..
മഴതോരാത്തൊരു
സന്ധ്യയെഴുതിയ
കവിതയുടെയുള്ളിൽ
ഗ്രാമം തൊടും ചന്ദനം..
ലോകത്തിനെഴുത്തോലകളുലയുന്നു
ഉലഞ്ഞുടയും മേഘവർഷങ്ങളിൽ
മുഴങ്ങും വർത്തമാനകാലം...
അരികിൽ
അറിയാതെയറിയാതെ
എഴുതിതീർത്തൊരു
രാഗമാലിക...

Thursday, August 18, 2011

അനേകമനേകം ദർപ്പണങ്ങളിൽ
ആകാശമേ
വിഷമവൃത്തങ്ങൾക്കരികിലും
വിരൽതുമ്പിൽ
നക്ഷത്രവെളിച്ചമേകിയതിനു
നന്ദി..
ഈറൻ തുടുക്കും
തളിരിലതുമ്പിലൊരു
മഴതുള്ളി....
മിഴിയോരത്തുടക്കും
കാഴ്ചക്കപ്പുറമുൾക്കടലിൻ
സാന്ത്വനമൊരു കവിത
അനേകമനേകം ദർപ്പണങ്ങളിൽ
കാണും ലോകമൊരു മൺവിളക്ക്...
തോരാതെപെയ്യും മഴയിലൂടെ
നടന്നൊരു പൂമുഖത്തെഴുതിയ
രംഗോലിചിത്രങ്ങളിലുടക്കും
പുരാവൃത്തം...
എവിടെയോയുടക്കിനീറ്റുമൊരക്ഷരകാലം..
ഗുരുവാക്യങ്ങളുടെ വേലിയേറ്റങ്ങൾ...
ഒഴുകുമൊരു മണൽതരി
കൈയിലേറ്റി നിൽക്കും
ദിനാന്ത്യം 
അരയാൽതറയിലിരുന്ന്
ഓർമ്മചെപ്പിലെഴുതിയിടുന്നു
മനസ്സിനെയുണർത്തും
ഒരുത്സവകാലകൃതി...

എത്രയോ സന്ധ്യകളിൽ 

മഴയാൽ ശിരോകവചമണിഞ്ഞ്
സന്ധ്യയരികിലണയുമ്പോൾ
ഉലഞ്ഞരഥമതിലൊരുത്തരീയം
തേടിയൊഴുകുന്നു ജനം...
എഴുതിമുദ്രയിട്ട തീർപ്പുപത്രങ്ങളെത്രയോ
മാഞ്ഞുപോയിരിക്കുന്നു...
എഴുതിതൂത്തെഴുതിയൊരുത്ക്കടമാം
വ്യഥ തിരയേറി തീരമണൽകോരി
വീണ്ടും കടലിലേയ്ക്കൊഴുകുന്നു
തിരമറന്നിട്ടൊരു ശംഖിൽ
നിന്നൊഴുകുന്നു കടൽ...
എത്രയോ സന്ധ്യകളിൽ
ചക്രവാളമെഴുതിയിരിക്കുന്നു
കണ്ടുമതിവരാത്ത കടലിൻ
കൗതുകഗാനങ്ങൾ
നേർത്തുനേർത്തുവരും
ജാലകവിരിയ്ക്കിടയിലൂടെ
ലോകം സത്യാന്വേഷണപരീക്ഷണത്തിൻ
ത്രിവർണവുമായ് നീങ്ങുന്നു
ആകാശമേയെനിക്കായെഴുതിയാലും
നക്ഷത്രമിഴിയിലൊഴുകും
പ്രകാശത്തിലുണരുമൊരു കവിത...

Wednesday, August 17, 2011


മൊഴി
ഉടഞ്ഞുതകർന്ന
ഗ്രന്ഥപ്പുരയിലൊരു
ചിതൽപ്പുറ്റിനരികിൽ
തണുത്ത നിമിഷങ്ങളിൽ
നിന്നുയരും പുകയേറ്റുറങ്ങും
കടലാസുകൾ 
മനസ്സേ കണ്ടാലും
ഒരിറ്റുമഷിതേടിയോടും
അറിവിനുള്ളിലുറങ്ങുമറിവില്ലായ്മ
വിളിപ്പാടകലെ കാതോർത്തിരിക്കും
ഒളിപാർപ്പുകാർ..
ഉദ്യാനം മഴയിലലിയുന്നു..
മഴതുള്ളിയിലൊഴുകും
വർത്തമാനകാലം...
കുറുകെയും നിറുകെയും
വെട്ടിതിരുത്തി കൂട്ടിപ്പെരുക്കിയ
പരിവർത്തനത്തിൻ
പരാധീനതയിൽ
മയങ്ങിവീഴാതെ നീങ്ങും
ഭൂമി..
പ്രദക്ഷിണവഴിയെത്ര ശാന്തം
മഴതുള്ളിയിൽ കുളിരും 
മണ്ണിൻ സുഗന്ധവുമൊരു
കവിത..

ആകാശഗംഗയൊഴുകും വഴിയിൽ
അകലെയാകാശമെഴുതുന്നു
ഭൂമിഗീതം...
കണ്ടുകൊണ്ടിരുന്നാലുമാകാശമേ
പദമേറ്റിനീങ്ങും മെഴുതിരിയാത്രകൾ
അരികിൽ ലോകമൊരു ശംഖിൻ
മാറ്റൊലിയായൊഴുകുന്നു..
കൈലിറ്റുവീഴും മഴതുള്ളികളെ
ഹൃദയസമുദ്രത്തിൽ
തുടിയിട്ടൊഴുകിയാലും....
സ്വനഗ്രാഹിയിലേക്കൊരു
പരുത്തിമുൾച്ചെടിപൂവിറുത്തിടും
ദുർഗ്രാഹ്യമാം മടുപ്പിക്കും
നിർദയത്വത്തെ മറന്ന്
സമുദ്രസംഗീതം കേട്ടുറങ്ങാമിനി..
ആകാശഗംഗയൊഴുകും വഴിയിൽ
നക്ഷത്രങ്ങളെ കാവലായിരുന്നാലും...

Tuesday, August 16, 2011

പെയ്തൊഴിയുമ്പോൾ
ഗ്രഹാന്തരയാത്രയ്ക്കൊടുവിൽ
എവിടെയോ
നിലതെറ്റിവീഴും
സ്ഫടികഗോളം....
ചിതറിയ 
തുണ്ടുകളിൽനിന്നൊഴുകുന്നു
ആകാശഗംഗ.....
ആരവമൊടുങ്ങാത്ത
കടലിനരികിൽ
തപം ചെയ്യും 
ചക്രവാളം...
കാരാഗൃഹങ്ങളേറും
സ്വതന്ത്രചിന്തകൾക്കരികിലായ്
ചിമ്മിനിവിളക്കുമായ് നീങ്ങും
ദരിദ്രസങ്കടം....
മഴക്കാലമേ
പെയ്തൊഴിയുമ്പോൾ
തൂവിയാലും കൽശിലകളിലല്പം
തീർഥം..
മിഴിയനങ്ങുമ്പോൾകാണും 
ലോകവൈരുദ്ധ്യങ്ങളിൽ
നിന്നകലെയകലെ
ഒരു ചെപ്പിലൊളിപ്പിക്കാം
ഹൃദ്സ്പന്ദനങ്ങളിലൊഴുകും
കടലിനെ.....


ദിനാന്ത്യത്തിൻകവിത
തോരാതെപെയ്യുന്നു മഴ
ഒരുറക്കുപാട്ടുമായ്
ഗ്രാമമരികിൽ...
കാരാഗൃഹമേറും
സമരസൈന്യമൊരു
വഴിയിൽ..
ത്രിവർണത്തിനരികിൽ
ഒരക്ഷരകാലം തെറ്റിയ
സ്വാതന്ത്ര്യം 
മഴനീർത്തുള്ളിയിലൊഴുകിമായും
നിലാവിൻ പൂവുകൾ..
മണ്ഡപത്തിനരികിൽ
സന്ധ്യ ദിനാന്ത്യത്തിൻ
കവിതയെഴുതുമ്പോൾ
വിലങ്ങിട്ട സ്വതന്ത്രമൈതാനവും,
ആൾത്തിരക്കും,
ഗ്രാമവും കടന്ന്
ബാല്യത്തിൻ വെള്ളിക്കൊലുസു
കിലുങ്ങും പോൽ പെയ്യും
മഴയിലൂടെ നടക്കാനൊരു 
മോഹം..



Monday, August 15, 2011



ഒലിവിലകൾക്കിടയിൽ
ഒലിവിലകൾക്കിടയിൽ
തൊടുമ്പോൾനോവാനെന്നപോൽ
മൺതരികൾ..
ഔഷധചെപ്പുകളിലമൃതുതുള്ളിയുമായരികിൽ
പൂർവാഹ്നവർഷം..
മുദ്രചിഹ്നങ്ങളിൽ മാത്രമൊതുങ്ങും
മുദ്രവാചകങ്ങളായ് ചുരുങ്ങുമൊരു 
ലോകവാതിലിൽ 
ത്രിവർണമുയാരാതെയൊരു ചെങ്കോട്ട
ഉപവസിക്കുമുഷസ്സേ!
ആദിവേദമൊഴുകുമവർണഭാവമറിഞ്ഞാലും
സിത്തിലങ്കിയെ കൃപയാൽതൊട്ടുഴിയും
അറിവിനെയറിഞ്ഞാലും..
ചാതുർവർണ്യമെഴുതിയൊഴുകും
പ്ര്യത്യയലിപികൾക്കരികിൽ
ആകാശമേയറിഞ്ഞാലുമീ
പുതിയ ലോകത്തിനസ്ഥിവാരങ്ങൾ
ആരൂഢശിലമാറ്റിയാൽ കിട്ടിയേക്കും
പൊടിയും മൺതരികൾ..
ഒലിവിലകൾക്കിടയിലൊഴുകിമായുന്നു
ത്രിവർണത്തിൽ മുങ്ങിയ
ജാലകവിരിനീക്കികാണും ലോകം....


നിസ്സഹകരണത്തിൻ അസന്തുലിതതലങ്ങളിൽ
തണുപ്പാർന്ന
മഴക്കാലസായാഹ്നത്തിനരികിൽ
പതാകകൾ വർണമേറ്റും പാതകൾ
വിറ്റുതീരും ത്രിവർണങ്ങളുടെ
കണക്ക് സൂക്ഷിക്കുമൊരു
സ്വാതന്ത്ര്യം.....
അലങ്കോലപ്പെട്ട
സഭാങ്കണങ്ങളിലേറി
പതാകയേറ്റിയുപവസിക്കും
പ്രാതിനിത്യസഹനം..
അപരിഷ്കൃതഗ്രാമങ്ങളിൽ
ദരിദ്രസങ്കടമായ് നിൽക്കും
ചിമ്മിനിക്കൂടുകൾ...
തിരിയേറ്റാനൊരു
കനൽതുണ്ടില്ലാതെമാഞ്ഞുപോം
ദൈന്യം....
ആരവത്തിനിടയിൽ
മാഞ്ഞുപോവുന്നു
യാഥാർത്യം...
മുദ്രയേകാനാളില്ലാതെയുലയും
നിഷ്പക്ഷത...
നിസ്സഹകരണത്തിൻ
അസന്തുലിതതലങ്ങളേറി
സമാന്തരങ്ങളിൽ വളരും 
സ്വാതന്ത്ര്യം...
അപര്യാപ്തമാം അറിവ്...
അതിനിടയിലൊഴുകും
ജനമേതുകുലം?



Sunday, August 14, 2011


ഈ പ്രഭാതം
മനോഹരമാം 
ത്രിവർണത്തിലുണരട്ടെ
ധ്വജമകുടങ്ങളിൽ
പരുത്തിനൂലിൽതുന്നിയ
ദേശപതാകയുയരട്ടെ...
ഇന്നോർമ്മിക്കാം
 പതാകയെ,
ത്രിവർണത്തെ,
അശോകസാമ്രാജ്യത്തെ...
സ്വാതന്ത്രം
നിഘണ്ടുവിലെയൊരു
നിർവചനമായ്
മനസ്സേറ്റുമ്പോൾ
ഹൃദയമേ!
ത്രിവർണത്തിൽ
മുങ്ങിയുണരുക
ആൾക്കൂട്ടത്തിനാരവത്തിനിടയിലോർമ്മിക്കാം
പതാകയുടെ വർണങ്ങളിൽ
പിംഗാലി വെങ്കയ്യയെ,
പിന്നെയോർമ്മിക്കാം
മിഴിയിലൊരു സ്വതന്ത്രപതാകയേറ്റാൻ
ജീവത്യാഗം ചെയ്ത
നിസ്വാർഥരെ..
ആകാശമേയെഴുതിയാലും
വേറിട്ടുനിൽക്കുമൊരു
സ്വതന്ത്രഗാനം...
കടൽ പാടും ഗാനം;
ഹൃദ്സ്പന്ദനങ്ങളുടെ 
മുഴങ്ങും ധ്വനിയിൽ...

സന്ധ്യാമണ്ഡപത്തിനരികിൽ
ചുരുൾനീർത്തിയൊഴുകും 
ദിനങ്ങളരികിൽ...
ഒരുപുറമെഴുതി 
മറുപുറം മായ്ക്കും മിഥ്യ...
വെൺചുമരുകളിൽ
എഴുതിതീരാതെ പടരും
ലോകശോകം..
മുന്നിൽ മഹാദ്വീപങ്ങൾ
നെടുകയും കുറുകെയും
ഉലഞ്ഞുടഞ്ഞുവീഴുന്നു...
ഉടഞ്ഞതുണ്ടുകളിൽ
മെഴുതിരിയേറ്റി നീങ്ങുന്നു
അരുളപ്പാടുകൾ...
ദേവമൂലത്തിനാധാരശിലയുടഞ്ഞ
ശ്രീകോവിലിൽ ഒരോട്ടുവിളക്ക് 
പ്രകാശത്തിന്റെയൊരു ചിന്ത്
മനസ്സിൽ...
മണലിലെഴുതിയോരക്ഷരങ്ങൾ
പുനർജനിക്കുന്നു
ആയിരം പൂവുകൾ പോൽ...
തിരക്ക് തീരെയില്ലാത്ത
സന്ധ്യാമണ്ഡപത്തിനരികിൽ
സമുദ്രത്തിൻ തനിയാവർത്തനം
കല്ലുരസി തീയേറ്റുമാചാര്യർ
ഈയാത്രയെവിടേയ്ക്കാണാവോ?
ചോദ്യചിഹ്നങ്ങൾക്കരികിൽ
മറുമൊഴിയേകാതെനിന്നു
ചക്രവാളം...



Saturday, August 13, 2011

ആകാശമേ പറഞ്ഞാലും...
ഭൂമീ!
എനിയ്ക്കന്യമോ
നിന്റെയീപകൽ
ഇമയനങ്ങും നേരം
ഒരിലവീഴും നേരം
ഉടഞ്ഞ ചഷകങ്ങളിലൊഴുകിമായും
പ്രകാശം..
കുളിർന്ന മാന്തണലിൽ
മഴതുള്ളിയായൊഴുകും മേഘം
തണുപ്പാർന്ന സ്വതന്ത്രചിന്തയിൽ
ഒരു മുൾവേലി
തൊടുമ്പോളൊരു നോവ്
രാവിലുറങ്ങാതെ
മിഴിയിൽ തൂങ്ങും ചുമടുമായ്
ഉദയസൂര്യനെഴുതുന്നു
തിളക്കമല്പം മങ്ങാനൊരു
ഗുരുവചനം..
ആകാശമേ പറഞ്ഞാലും
ശംഖിലൊഴുകുമൊരുകാവ്യത്തിൽനിന്നും 
കടലെവിടേയ്ക്കൊഴുകിനീങ്ങും

നക്ഷത്രസന്ധ്യയും കടന്നൊരു 
പ്രഭാതമുണരും നേരം
പ്രപഞ്ചമുറങ്ങിയ 
നാദതന്ത്രിയിൽ
മാഞ്ഞുപോയതൊരുസ്വരം...
ഉടഞ്ഞുതകർന്ന ഗോപുരമുകളിൽ
നിന്നൊഴുകിമാഞ്ഞൊരു
വീണയിലുടക്കിവിരൽതുമ്പിൽ
നിന്നിറ്റുവീണൊരുമൺതരി...
പെയ്തൊഴിയും മഴയിലുണരും
അനുസ്വരങ്ങൾ...
മണൽതിട്ടിൽ മങ്ങും
വൈദ്യുതദീപങ്ങൾ....
കനൽപോലെമിന്നും 
കനകാംബരവർണം.....
മൃദുവാം സ്വരങ്ങളിലാലാപനം...
അതിനിടയിൽ
സാമ്രാജ്യങ്ങൾ തൂലികമാറ്റും
സമുദ്രതീരങ്ങളിൽ
പദയാത്രയ്ക്കൊരുങ്ങുന്നു
തണുത്ത വിപ്ലവം..
നക്ഷത്രസന്ധ്യയും കടന്നൊരു
പ്രഭാതമുണരും നേരം
ഏതുപതാകയണിയും
അസ്വതന്ത്രസ്വാതന്ത്ര്യം..