Monday, August 8, 2011

പുറം ചട്ടകൾക്കെന്തഴക്
ഹൃദ്യമാമൊരുവരിക്കവിതയിൽ
ദിനാന്ത്യത്തെയലിയിയ്ക്കാമെന്നോർത്തുപോയി
അതിനിടയിലാർക്കാണാവോ
അതിയാശയുടെയാത്മനൊമ്പരം?
തൂവലായ് നീങ്ങും ചിന്തകളുണരും
ഭൂമിയുടെ നാദവീചികൾക്കോ
അതോ നിയന്ത്രണത്തിനായൊരു
വിലങ്ങുമായ് ചുറ്റുമോടും നിഴലുകൾക്കോ?
അശാന്തിയുടെ കൂട്ടിൽനിന്നൊരിത്തിരി
കനലെറിഞ്ഞ നിലാവിനിന്നാവശ്യം
മനശ്ശാന്തി...
കനൽവീണുകത്തും 
നെരിപ്പോടുകൾക്കാവശ്യം
കുളിർമഴ...
വിരൽതുമ്പിലോടുമക്ഷരങ്ങൾക്കോ
കിലുങ്ങും പൊൻതുണ്ടുകൾക്കോ
അതിയാശ?
അറിയാമെങ്കിലുമറിയില്ലെന്നൊരു
നാട്യം..
പുറം ചട്ടകൾക്കെന്തഴക്
ഇവിടെയിരുന്നൊരുവരിയെഴുതുമ്പോൾ
സഹിക്കാനാവാത്തതാർക്കാണാവോ
നാട്യപ്പുരകളിൽ ചുമപ്പുതൂവും
വാകമരങ്ങൾക്കോ
അതോ മധ്യതിരുവതാംകൂറിലെ
മഷിപ്പാത്രങ്ങൾക്കോ
മനസ്സമാധാനം മൺതരിപോലെയുടച്ചിട്ടും
ഭൂമിയുടെ ജപമാലയ്ക്കരികിൽ
ഉറങ്ങാനാവാതെയുണർന്നിരിക്കുന്നതാരാണാവോ?

No comments:

Post a Comment