Thursday, August 25, 2011



ഈറനൊതുക്കിയുണർന്ന പ്രഭാതമേ

ഈറനൊതുക്കിയുണർന്ന
പ്രഭാതമേ!
കാണുകയീസമുദ്രത്തിനൊഴുക്കുകൾ
എത്രവിശാലമുപവസിക്കും
ജപസ്വപ്നങ്ങൾ നിർജീവ 
പത്രങ്ങളിൽ തൂവിയിട്ടൊരു പൂവുകൾ.. 
ധ്യാനത്തിൽനിന്നുമുണർന്നുവോ
ഗോളങ്ങൾ
തേടുന്നുവോനിഷാദങ്ങളാ
ദൈവതം...
ആകാശമെത്രയോ ശുഭ്രം;
നിശൂന്യമാം പാതകൾ 
തേടിപറന്നുനീങ്ങും
ഗ്രഹപേടകമെത്രയോ
 സങ്കീർണമിന്നതിൻ
ലോഹപ്പരപ്പിൽ ചുരുങ്ങുന്നു
ചിന്തകൾ..
ഈറൻപുരണ്ടമുഖവുമായ്
ദിക്കുകൾ തേടിയോടുന്നുവോ
കാർമേഘ ഗദ്ഗദം?
വന്മതിലേറുന്നതേതു
വൈരുദ്ധ്യങ്ങൾ,
ജന്മങ്ങളേതുകർമ്മത്തിന്റെ
ദു:ഖങ്ങൾ?
സങ്കീർത്തനം ജപമാല
തേടുന്നുവോ
സങ്കടങ്ങൾ മഴനീർകുടിക്കുന്നുവോ
കാണാമകലെയാ ചക്രവാളം
ചുറ്റുമേകാന്തയോഗികൾ, 
നക്ഷത്രനൗകകൾ..
കാലമോ മെല്ലെപദം വച്ചുനീങ്ങുന്നു
കാലിടിറുന്നതിന്നാർക്കെന്നറിയില്ല
എങ്കിലുമിന്നീപ്രഭാസതീർഥം 
പോലുമൊന്നായുറഞ്ഞൊരു
ചെപ്പിലൊളിക്കുന്നു..

No comments:

Post a Comment