Sunday, August 21, 2011


ലോകത്തിനെത്ര മുഖങ്ങൾ
ലോകത്തിനെത്ര മുഖങ്ങൾ
ചെറിയചുമരിലെഴുതിയിടും
അനവദ്യസൃഷ്ടികൾ
തൂക്കം തെറ്റിയളക്കും
തുലാസുകൾ..
ഋതുക്കൾ മുഖം പൂഴ്ത്തിവീഴും
കടുംകെട്ടുകൾ..
നിർണയരേഖകൾ
സൂക്ഷിക്കും ചതുരക്കളങ്ങൾ..
തകരും നെടും പുരകളിലിരുന്ന്
അസമത്വവാക്യങ്ങൾ 
തേടുന്നവരോടെന്തുപറയാൻ
മുഖാവരണങ്ങളിൽ
മനസ്സിലെ നിഴൽ മൂടാനൊരുങ്ങും
വിധിന്യായങ്ങൾക്ക്
ഇനിയേതുമറുമൊഴിയേകും?
തുടർക്കഥയിലെഴുതാനിനിയെന്താണാവോ
വേണ്ടത്..
വേണമെങ്കിൽ
ചുരുക്കിയൊതുക്കിയ
ഋതുക്കളിലെ കനൽ വർണമെടുക്കാം
തിരശ്ശീലകൾക്ക് മോടികൂട്ടാം
പിന്നെയവിടെയുമിവിടെയും
മുറിയും നേരമിടയിലൊരു
പരവതാനിയിലൂടെ
നിമിഷങ്ങളാം മേഘസാമ്രാജ്യത്തിലൂടെ
ലോകമൊരുക്കും നിത്യവിപ്ലവങ്ങൾ 
കണ്ടുണർന്നിരിക്കാം
ലോകാവാസാനം വരെയും..
സങ്കടങ്ങളെ ഗുണനപാത്രത്തിലിട്ട്
പൊലിപ്പിക്കാതിരുന്നാൽ
ഈ പ്രപഞ്ചമെത്രയോ 
മനോഹരം...
ജാലകവിരിയ്ക്കപ്പുറം
വളരുന്നുവോ ലോകം
ഒരു വിസ്മയമായ്...



No comments:

Post a Comment