സന്ധ്യയിൽ തോർന്നമഴ
പകലിടവേളയിൽ
പണിതീരാത്തൊരു
പുരയിലിരുന്നെഴുതുമ്പോൾ
പെയ്തൊഴുകിയ മഴയിൽ
അക്ഷരങ്ങളുണരുന്നതു കണ്ടു
തിരുത്തിക്കുറിച്ചെഴുതിയ
കവിതകൾക്കരികിലാരോ
മുഖം താഴ്ത്തിയിരുന്നു..
പശതേശൊട്ടിച്ച
പരിഭവങ്ങളുണങ്ങിയ
പരാതിക്കൂടുകളിലുറങ്ങി
പ്രതികരണങ്ങളുടെ കനൽ...
നിമിഷങ്ങൾ കൈയേറിയ പ്രകാശം
കാർമേഘങ്ങളെവിടെയോ മായ്ച്ചു
വാടാമുല്ലപ്പൂവുകൾവിരിയും
പൂന്തോപ്പുകളെഴുതിയിടുമക്ഷരങ്ങളിലൂടെ
ആകാശവാതിലിനരികിലൊരു
നക്ഷത്രവിളക്കുമായ് നിൽക്കും
സന്ധ്യയിൽ തോർന്നമഴയുടെയരികിൽ
ഒരു മഴക്കാലരാഗമായൊഴുകി മനസ്സ്...
No comments:
Post a Comment