Thursday, August 18, 2011

എത്രയോ സന്ധ്യകളിൽ 

മഴയാൽ ശിരോകവചമണിഞ്ഞ്
സന്ധ്യയരികിലണയുമ്പോൾ
ഉലഞ്ഞരഥമതിലൊരുത്തരീയം
തേടിയൊഴുകുന്നു ജനം...
എഴുതിമുദ്രയിട്ട തീർപ്പുപത്രങ്ങളെത്രയോ
മാഞ്ഞുപോയിരിക്കുന്നു...
എഴുതിതൂത്തെഴുതിയൊരുത്ക്കടമാം
വ്യഥ തിരയേറി തീരമണൽകോരി
വീണ്ടും കടലിലേയ്ക്കൊഴുകുന്നു
തിരമറന്നിട്ടൊരു ശംഖിൽ
നിന്നൊഴുകുന്നു കടൽ...
എത്രയോ സന്ധ്യകളിൽ
ചക്രവാളമെഴുതിയിരിക്കുന്നു
കണ്ടുമതിവരാത്ത കടലിൻ
കൗതുകഗാനങ്ങൾ
നേർത്തുനേർത്തുവരും
ജാലകവിരിയ്ക്കിടയിലൂടെ
ലോകം സത്യാന്വേഷണപരീക്ഷണത്തിൻ
ത്രിവർണവുമായ് നീങ്ങുന്നു
ആകാശമേയെനിക്കായെഴുതിയാലും
നക്ഷത്രമിഴിയിലൊഴുകും
പ്രകാശത്തിലുണരുമൊരു കവിത...

No comments:

Post a Comment