Tuesday, August 9, 2011


ശംഖും ഒരുവരിക്കവിതയും
ഉടഞ്ഞുവീണ ഉണർത്തുപാട്ടിൻ
സ്വരങ്ങൾക്കരികിൽ
മഴയൊഴുകി...
ഒരോസ്വരവുമൊരു
മഴതുള്ളിയിലൊഴുകി
പായ് വഞ്ചിതുഴഞ്ഞ്
ഉൾക്കടലിലലിഞ്ഞു....
തുരുത്തിലൊരു
വൃക്ഷശാഖയിൽ
സ്വപ്നനൂലുകളാൽ മെടഞ്ഞ 
മനോഹരമാം കൂടൊരു 
പ്രളയജലത്തിലൊഴുകിമാഞ്ഞു...
പിന്നെയൊരു കടൽതീരത്തിരുന്ന്
ഭൂമിയേകിയ
മൺതുണ്ടിലെഴുതിക്കൂട്ടിയ
കണക്കില്ലാത്തൊരക്ഷരങ്ങൾക്കരികിൽ
എന്തുചെയ്യേണ്ടുവെന്നറിയാതെ
നിശബ്ദം നിന്നു ചക്രവാളം..
കത്തിയെരിയുമാ തെരുവിൽ
സൂര്യനൊരുനാളെങ്കിലും
അസ്തമിച്ചിരുന്നുവോ?
അരികിൽ കാണാകുന്നു 
സന്ധ്യയുടെ ജപമുത്തുകൾ..
മഴതുള്ളിയേറിവരുന്നു
കടൽത്തീരത്തൊരു ശംഖും
ഒരുവരിക്കവിതയും....

No comments:

Post a Comment