മഴയിലൂടെ നടക്കുമ്പോൾ
ഇന്നലെയെന്നതായിരുന്നു
ത്രികാലത്തിനാദ്യരൂപം
ത്രിസന്ധ്യ വിളക്കേറ്റിവരുമ്പോൾ
മായും പകൽപോലെ;
ചുമരുകൾക്കുള്ളിൽ
മായ്ച്ചുതൂത്തുകളയേണ്ട
കഥയില്ലാക്കഥകൾ..
അരികിലൊരു മാങ്കൊമ്പിൽ
കുയിൽ പാടും പാട്ടിൻ
പ്രതിധ്വനിയ്ക്കരികിൽ
ഇടവേളയും കഴിഞ്ഞരങ്ങേറിയ
ദൃശ്യനാടകം...
ത്രികാലത്തിനാദ്യരൂപരേഖ....
ദിനാന്ത്യമെഴുതിസൂക്ഷിക്കും
പൂർവമദ്ധ്യാഹ്നസായാഹ്നങ്ങളുടെ
മുദ്രയേറ്റിയ ചക്രവാളത്തിൽ
നക്ഷത്രങ്ങൾ യാമങ്ങളെണ്ണി
രാവും കടന്നു വീണ്ടും
പകൽവെട്ടത്തിലേക്കൊഴുകുമ്പോൾ
ഏതുകാലത്തിനൊതുക്കുകല്ലുകളിലൂടെയാവും
ത്രികാലത്തിനാദ്യരൂപം തേടി
യുഗങ്ങൾ പ്രാചീനപുരാണങ്ങളിലൂടെ
പിന്നോട്ടു നടക്കുക....
വർത്തമാനകാലം കവടിശംഖുകളിൽ
ഗണിച്ചെഴുതുന്നതേതു നിർണയം?
ചെമ്പകപ്പൂവിതളിൽ തുള്ളിതൂവിപെയ്യും
മഴയിലൂടെ നടക്കുമ്പോൾ
കവടിശംഖുകളിലുറങ്ങുന്നതു കണ്ടു
ത്രികാലങ്ങളിലൊന്ന്...
No comments:
Post a Comment