Saturday, August 6, 2011

ഹൃദ്സ്പന്ദനങ്ങൾ

ചക്രവാളം താങ്ങിനിൽക്കും
കൽസ്തൂപങ്ങളിൽ
സന്ധ്യതൂവുന്നു മഴതുള്ളികൾ...
ഗഹനമായൊരുൾവിളിയേകും
മരുന്നുകൂട്ടുകളുടെ ഗന്ധം
കുലയ്ക്കും വില്ലിനറിയുമോ
മുറിവിൻ നോവ്
ഇല്ലെന്ന് പറയുന്നു
മനസ്സ്....
അതിനാലാവണമസ്ത്രം
തടുക്കുവാനൊരായുധപ്പുരതേടി
ഭൂമി നടന്നത്..
തിരികെയയ്ക്കുമസ്ത്രങ്ങളും
അറിഞ്ഞിരിക്കാനിടയില്ല
മുറിവിൻ നോവ്..
അറിയും മനുഷ്യകുലം
ആൾകൂടും സഭാങ്കണങ്ങളിൽ
എഴുത്തുപുരകളിൽ
തിരക്കിട്ടഭിനയിക്കുകയായിരുന്നു...
ചിന്തകളുടെമുറിവിൽ
തലോടുമാരണ്യകം
എത്രമനോഹരമീഹരിതവനങ്ങൾ
ശാന്തമാം പർണശാലകൾ..
മാഞ്ഞുപോയവരുറങ്ങും
കുടീരങ്ങളിലൊലിവിലകൾ
നിത്യനിദ്രയ്ക്കെന്തിനൊരു
കുടന്നപൂവുകൾ..
അന്തർഗതമായ
നൈർമല്യത്തിനെന്തിനാഭരണം..
ഏകാന്തത്തിലരികിലേയ്ക്കൊഴുകിവരും
കാവ്യമെത്ര ഹൃദ്യം...


No comments:

Post a Comment