Monday, August 1, 2011

നക്ഷത്രങ്ങൾ മിന്നുമൊരു ജാലകവിരി
അറിഞ്ഞതുമറിയാത്തതും
തട്ടിത്തൂവിവീണ 
മഞ്ഞുകാലപ്പുരയിൽ
ഉറഞ്ഞുതീരാതെയവശേഷിച്ച ലോകം
കരിയിലകൾക്കിടയിലൊരു
വിഗ്രഹം തേടി നടന്നു..
പടയോട്ടങ്ങൾക്കൊടുവിൽ
നൂറ്റാണ്ടുകളുടെ കഥയെഴുതിയ
തൂവൽതൂലികയിലൊഴുകിയ
ശ്രേഷ്ഠതരമായ ആവർത്തനങ്ങളിൽ
തുളുമ്പി നിന്നു ഒരു മഴനീർത്തുള്ളി..
പരവതാനിയിലൂടെ നടന്നുനീങ്ങും നേരം
ചരിത്രമൊരു കല്ലിലെഴുതിയേക്കാം
നിമിഷങ്ങളിൽ വീണുടഞ്ഞ
ഒരു സാമ്രാജ്യത്തിന്റെയുൾക്കുരുക്കുകൾ...
ആരവങ്ങളുടെ ശിരോലിഹിതമെഴുതി
സൂക്ഷിക്കും പേടകത്തിനരികിൽ
അറിഞ്ഞുമറിയാതെയും
വീണുടഞ്ഞ ആവരണങ്ങളിൽ
നിന്നിഴതെറ്റിവീണ സ്വപ്നവും
നെയ്തേക്കാം സന്ധ്യാവർണത്തിൽ
ഹൃദയത്തിനൊരു ജാലകവിരി..
ത്രികാലങ്ങളെ മറയിട്ടുസൂക്ഷിക്കാൻ
നക്ഷത്രങ്ങൾ മിന്നുമൊരു
ജാലകവിരി...


No comments:

Post a Comment