Tuesday, August 2, 2011

മഴക്കാലപ്പൂവുകൾ
ഒരു കാവ്യം മാത്രമായ്
എത്രവരിക്കവിതയിലാവും
പ്രണയമൊഴുകിമാഞ്ഞില്ലാതെയാവുക?
വരിയൊത്ത് നിരയൊത്തൊരു
തൂവൽസ്പർശമായൊഴുകാൻ
വിരലിലുരുമ്മും വാക്കുകൾ
മഴക്കാലത്തിലലിയുമ്പോൾ
അരികിലൊരുന്തുവണ്ടിയിൽ
ജമന്തിപൂ വിൽക്കും കച്ചവടക്കാരാ
കടൽസൂക്ഷിക്കും നിധികൾക്കൊരു
വിലയിടാനാവുമോ നിനക്ക്?
മൺസംഭരണികളിലേയ്ക്ക്
മൃദുവായ, സൗമ്യമായ, പളുങ്കുമണികൾ
പോലെയുള്ള അക്ഷരക്കൂടുകൾ
ആകാശവാതിലിനരികിൽ
നിന്നൊഴുകുമ്പോൾ
അരികിലിരുന്ന്
പൂവിൽക്കും കച്ചവടക്കാരാ..
നിന്റെ പുകഞ്ഞു 
 മുഷിഞ്ഞ
മനസ്സിനൊരേയൊരുനിറം
മഷിപ്പാത്രത്തിൽതുള്ളും കരിനീലം..
എന്റെയാകാശത്തിനോ
അനന്തതയുടെ ശുഭ്രവർണം...
മഴക്കാലപ്പൂവുകൾ
വിൽക്കാനുള്ളതല്ലയെന്നറിഞ്ഞാലും..

1 comment:

  1. മഴക്കാലപ്പൂവുകൾ മഴതുള്ളിപോൽ !!!!!!

    ReplyDelete