ആകാശയാനങ്ങൾക്കരികിൽ
തുമ്പപ്പൂപോൽ വിരിയും
ആകാശയാനങ്ങൾക്കരികിൽ
ഭാദ്രപദമൊരു മുറിവ്
ചന്ദ്രക്കലപോലെവളഞ്ഞ മുറിവ്
അതിനരികിൽ
തീക്കനലിലേക്കിട്ട
ചിത്രശലഭച്ചിറകുകൾ
തേടിവരുന്നതാരോ?
ചുമരെഴുത്തുകൾ ചെരിയുന്നു
ഒരുവശത്തേയ്ക്ക്
ടോറേപെൻഡന്റെഡി പോലെ
ചെരിയും ഗോപുരഭിത്തികളിൽ
ചെരിവുകൂട്ടാനെന്നപോൽ
വീണ്ടും ഒരുവശത്തേയ്ക്ക്
ചെരിയുന്നതാരോ??
ഇമയനങ്ങും നേരം
മുന്നിൽ കണ്ട
അരോചകമാമഹപർവത്തിൽ
നിന്നൊഴുകിയ
ഒരാണ്ടിനിരുണ്ടയിടനാഴിയിലെ
പൊലിപ്പിച്ചൊരു പൊള്ളക്കൂട
ചിത്രശലഭങ്ങൾക്ക്
ചരമഗീതമെഴുതാനയോഗ്യം..
സ്തുതിപാലകരിൽ
മയങ്ങിവീഴുമൊരു ഋതു
ഭൂപ്രദിക്ഷണവഴിയിൽ
കാണാത്തതിനാലാകും
ചെരിയുന്ന ഗോപുരങ്ങൾക്കകലെ
സമുദ്രഹൃദയം ഘനരാഗങ്ങൾ
തേടിയുൾക്കടലിലേയ്ക്കൊഴുകിയത്...
No comments:
Post a Comment