ഗ്രാമമേ മിഴിപൂട്ടുക
സൂക്ഷ്മതയിൽ നിന്നും
അതിസൂക്ഷ്മതയെ
തേടിയെത്തിയ തുരുത്തിൽ
നിസ്സഹായരുടെ
അശ്രുനീരാൽ തടാകം പണിതു
ഗിരിശൃംഗങ്ങൾ...
പ്രദക്ഷിണവഴിയിൽ
കനൽതൂവിയ സൂര്യമണ്ഡലത്തിൽ
നിന്നകലെ മഞ്ഞുപാളികളിൽ
മുഖം മറച്ചിരുന്നു പകൽ..
അനുഭവങ്ങളുടെ മുഖക്കുറിപ്പിൽ
അപക്വത കുടിപാർത്തു....
നിറം മങ്ങിയ യുഗങ്ങൾ
നിറപ്പകിട്ടാർന്ന തമ്പുകളിൽ
ലോകത്തെ ചുറ്റിയിട്ടു.....
ബോധിവൃക്ഷതണലിൽ നിന്നും
നിധികുംഭങ്ങൾ തേടി നടന്നു
അഭിനവ തഥാഗതർ
ഉത്ഭവസ്ഥാനത്തിലൊരുറവകാണാതെ
സരസ്വതിയുറങ്ങി...
മൺവീണയിൽ മനസ്സ് ശ്രുതിയിട്ടുണർന്നു..
മഞ്ഞുകാലത്തിന്റെയോർമപുതുക്കിയ
ഗന്ധകപ്പുകയിൽ അതിരുകളുടെ
സംഘർഷം..
അർദ്ധസത്യങ്ങളുടെ കുരുക്കഴിക്കാനാവാതെ
നടന്നകന്നു നിർഭയത്വം..
നിമിഷങ്ങളിൽ നിന്നു നിമിഷങ്ങളിലേയ്ക്കുള്ള
യാത്രയിൽ ഗ്രാമമേ മിഴിപൂട്ടുക
അലങ്കോലപ്പെട്ട ലോകം
അതിരുകളിലൂടെയൊഴുകട്ടെ.....
No comments:
Post a Comment