Saturday, December 25, 2010

നിർണയരേഖകൾ

വഴിയോരത്തെ നിർണയരേഖകൾ
ദൂരമളന്നെഴുതി നീട്ടിയപ്പോൾ
മനോരഥവേഗമളക്കാനാവാതെ
ശിരോലിഹിതങ്ങൾ വലഞ്ഞു
കൽപ്രതിമകളായ് വഴിയരികിൽ
കാവൽനിന്ന ആരാധ്യരെ
മിഴിതുറന്നുനോക്കാൻ സമയമില്ലാതെ
ആൾക്കൂട്ടം തിരക്കിട്ടോടി
വഴിയരികിൽ മഞ്ഞുപുതപ്പുമായ്
കാത്തുനിന്നു ഒരു ഋതു
കൈവിരലുകളിൽ
തണുത്തസായാഹ്നം തട്ടിതൂവിയ
സന്ധ്യയുടെ വർണം
എഴുതുമ്പോൾ കലഹിക്കുന്നു
ത്രിസന്ധ്യ
മൂടിപ്പുതച്ചുറങ്ങിയ ഗ്രാമത്തിനരികിൽ
ഉറങ്ങാതിരുന്നു ആമ്പൽക്കുളം
ഓളങ്ങളിൽ നിന്നോളങ്ങളിലേയ്ക്കൊഴുകി
ധനുമാസരാവിന്റെ സംഗീതം
മുദ്രകളിൽ ദൂരമളന്ന ആയുർരേഖയും
സമാന്തരങ്ങളിലുറങ്ങിയ ശിരോരേഖയും
ഉൾക്കൈയിൽ സ്വകാര്യമെഴുതുമ്പോൾ
ആകാശമാർഗത്തിലൂടെ
അനന്തകോടി നക്ഷത്രങ്ങൾ
നിർണയരേഖയിലൂടെ
പുൽക്കൂടിനരികിലേയ്ക്ക് നടന്നു.....

No comments:

Post a Comment