സാഗരസ്പന്ദനങ്ങൾ
ചക്രവാളമേ നിനക്കേതു നിറം
ഞാനുണർന്നപ്പോൾ
ചുറ്റുവിളക്കുകളുമായ് വന്നു നീ
ശിശിരത്തിന്റെ മഞ്ഞുപാളികളിലൂടെ
ആകാശമേലാപ്പിനരികിൽ
ഞാൻ കണ്ടു നിന്റെ വിളക്കുകൾ
മദ്ധ്യാഹ്നത്തിൽ അഗ്നികുണ്ഡങ്ങളിൽ
അഗ്നി തൂവിയ ചക്രവാളമേ
നിന്റെയഗ്നി
ഞാനക്ഷരങ്ങളിലേയ്ക്കിട്ടു
സായന്തനത്തിൽ
വൈദ്യുത ദീപങ്ങൾ തെളിയിച്ച്
രാത്രി പകലിനരികിലെത്തിയപ്പോൾ
ഉദയാസ്തമയങ്ങളുടെ
രേഖാമൊഴിയളന്ന
വെളുത്ത ചെറിയ ശംഖുകൾ തേടി
കടൽത്തീരങ്ങളിലൂടെ
നടന്നു ഞാൻ
കാണാപ്പൊന്നു തേടിയൊഴുകിയ
വഞ്ചിയിലിരുന്ന് കാണുമ്പോൾ
വെളുത്ത ചെറിയ ശംഖുകൾ
നക്ഷത്രങ്ങൾ പോൽ മിന്നി
ചക്രവാളമേ നീ മറ്റൊരു
കടലായി മാറി.....
No comments:
Post a Comment