Tuesday, December 14, 2010

മഞ്ഞുമലകൾക്കപ്പുറം

മഞ്ഞുമലകൾക്കപ്പുറം
ദേവർഷികളെ തേടിപ്പോയി
തിരോധാനം ചെയ്ത അവധൂതന്മാർ
ഞാറ്റുവേലക്കിളികൾ
പറന്നുപോയ വഴിയിൽ
സമുദ്രതീരങ്ങളിൽ നങ്കൂരമിട്ട
മഹായാനങ്ങളിൽ
യാത്രക്കൊരുങ്ങിയിരുന്നു
ദേശാടനപ്പക്ഷികൾ
ഉയർത്തെഴുനേൽപ്പിന്റെ
ഉണർത്തുപാട്ടുമായെത്തിയ
മൺവീണക്കരികിൽ
മഞ്ഞുതൂവിയിട്ടു ശിശിരം..
നേർത്തുവന്ന രാവിന്റെ
തിരുവരങ്ങിലിരുന്നുപാടി
നൈശ്രയസവാതിലുകൾ തുറന്ന
മാർഗശീർഷം....
മൂടൽമഞ്ഞിന്റെ
തിരശ്ശീലയ്ക്കരികിൽ
രാപ്പകലുകളെ കോർത്ത്
നിമിഷങ്ങളെഴുതി
ദിനാന്ത്യക്കുറിപ്പുകൾ...
അക്ഷരലിപികളിലൂടെയൊഴുകി
ആകാശം...
ആകാശത്തിനപ്പുറമുള്ള
ലോകത്തിലൊഴുകീ
താരകൾ, ഗ്രഹങ്ങൾ..
അനേകായിരം വൈരുദ്ധ്യങ്ങൾ...

No comments:

Post a Comment