Tuesday, December 28, 2010

മഞ്ഞുമൂടിയ ശിശിരത്തിലൂടെ കാണുന്ന ലോകം

കാണാതായതോർമ്മപ്പാടിൽ മായും
കുറെയേറെ ദിനരാത്രങ്ങൾ മിഴിനീർതൂവും
കാലമൊരു നേർത്തമറയിടും
കൗതുകകരമായ
ബാല്യത്തിനോർമ്മകളായ്
ഊഞ്ഞാൽപ്പടിയിലല്പനേരമിരിക്കും
പടിപ്പുരയിലൂടെ വെയിലിനോടൊപ്പം
പടികടന്നുപോകും
നിഴലുകൾ പോലെ
പുക പോലെ
മൂടൽമഞ്ഞുപോലെ....
പ്രദക്ഷിണവഴിയ്ക്കരികിൽ
നിറമാലകൾക്കിടയിൽ
ചുറ്റുമണ്ഡപത്തിൽ
ഓട്ടുരുളിയിലരിയിട്ടെഴുതിയ
അക്ഷരങ്ങൾ മാത്രം
മാഞ്ഞുപോവാനാവാതെ കൂട്ടിരിയ്ക്കും
ശിശിരമഞ്ഞിനരികിൽ
തീപുകഞ്ഞ നെരിപ്പോടുകളിൽ
കുന്തിരിയ്ക്കം നിറഞ്ഞ
ധൂപപാത്രങ്ങളിൽ
പുകയായി, പുകമറയായി
ചുറ്റിത്തിരിയും
കൗതുകകരമായ ലോകം
മഞ്ഞുമൂടിയ ശിശിരത്തിലൂടെ
കാണുന്ന ലോകം......

1 comment: