സൂചികകളിലെ അളവുകോൽ
വിലസൂചികൾ
ഉയരത്തിലേയ്ക്ക് ചലിയ്ക്കുമ്പോൾ
പടിയിറങ്ങിവന്നു നന്മ
കൂടുകളിലെ നേരിയനാരുകളും
നൂലുകളും തീയിട്ട ഗ്രീഷ്മവും
ഒരു ഋതു
പരാതികളുടെ വള്ളികൂടയിൽ
നിറയ്ക്കാൻ പരിഭവങ്ങൾ...
നിറഞ്ഞുകവിഞ്ഞൊഴുകട്ടെ
ആന്തലുകൾ..
കൽക്കരിപുകയിൽ കറുത്ത
ചുമർചിത്രങ്ങളിൽ കൃത്യമായ
അവ്യക്തത...
തിളങ്ങുന്ന ഓട്ടുവിളക്കിനരികിൽ
ശിശിരം സന്ധ്യാമന്ത്രം ചൊല്ലുന്നു
പവിഴമല്ലിപ്പൂവുകൾ നിറഞ്ഞ
പൂമുഖമുറ്റത്തിനരികിൽ
നക്ഷത്രവിളക്കുകളുടെ പ്രകാശം..
ചരൽപ്പാതയിൽ മുഖം താഴ്ത്തിനിൽക്കുന്ന
വിവർത്തനലിപികൾ...
സൂചികകളിലെ അളവുകോൽ
ഉയരട്ടെ താഴട്ടെ...
പടിയിറങ്ങി കടൽത്തീരത്തേയ്ക്ക്
നടന്നപ്പോൾ കൂട്ടുണ്ടായിരുന്നു
ഭൂമി ചിമിഴിലൊളിപ്പിച്ച നന്മ
അതിൽ വിലസൂചികകളുണ്ടായിരുന്നില്ല..
കൂടുകൂട്ടിയ ശിശിരകാലമഞ്ഞിനരികിൽ
അളവുകോലുമായ് തപസ്സിരിക്കുന്നതാരോ
നിഴലുകളോ, നിയന്ത്രിതമൗനമോ
ശിരോലിഹിതങ്ങളോ??
അളവുകോലുകൾക്കപ്പുറമൊഴുകുന്ന
കടലിലെ വിലസൂചികകളില്ലാത്ത
ചെറിയ ശംഖുകൾക്കെന്തുഭംഗി..
No comments:
Post a Comment