Monday, December 6, 2010

നിഴലനക്കങ്ങളില്ലാതെ

ഏതോ ഋണബാധ്യതയുടെ
ബാക്കിപത്രവുമായ് നിന്നു
തണൽവൃക്ഷച്ചുവട്ടിലെ
നിഴൽപ്പാടുകൾ.... .
ഭാഗപത്രമെഴുതിയതിർതിരിച്ച
കമ്പിവേലികളിൽ
ഘനീഭവിച്ചു നിസ്സംഗത
ഇലഞ്ഞിമരച്ചുവട്ടിലെ
ഗ്രാമത്തിനരികിൽ
കർപ്പൂരതുളസീഗന്ധം നിറഞ്ഞു
നീർച്ചാലിനരികിലെ
കൈതപൂവുകൾ കാലത്തിന്റെ
ശംഖിലെ മാറ്റങ്ങളറിഞ്ഞതേയില്ല
നഗരമൊരിപിചിതസഞ്ചാരിയെപ്പോൽ
അങ്ങുമിങ്ങുമലയുമ്പോൾ
ശരറാന്തൽതിരിയിട്ട ഗ്രാമം
ഞാറ്റുവേലക്കിളികളോടൊപ്പം
പ്രദോഷസന്ധ്യകൾ തേടിപ്പോയി..
ഋണബാധ്യതയുടെ ഭാഗപത്രങ്ങൾ
പലരുമെഴുതിയെഴുതി വിറ്റു
വിലയിടാനാവാത്ത
അക്ഷരലിപികൾ
അനന്തതയിലേയ്ക്ക്
ചിറകു നീർത്തി പറന്നു
ഋണബാധ്യതകളില്ലാതെ
നിഴലനക്കങ്ങളില്ലാതെ...

No comments:

Post a Comment