ഡിസംബറിന്റെ സ്മാരകം
കുടിയേറിപ്പാർത്തവർ
മുദ്രവച്ചെടുത്ത ഭൂമിയുടെ മൺതരികളിൽ
പാഴിലായ കുറെ നിമിഷങ്ങളുറഞ്ഞുമാഞ്ഞു
മഞ്ഞുകാലസായാഹ്നത്തിൽ
വാരാന്ത്യം പൂമുഖപ്പടിയിലിരുന്ന്
അസ്തമയസൂര്യന്റെ
ആത്മഗതമെഴുതി
മഞ്ഞിന്റെ തണുപ്പുവീണ സന്ധ്യയിൽ
വാതിലുകളടച്ച ഗ്രാമം
കുടിയേറിയവരെ മറന്നു
ഗ്രാമവാതിലനരികിൽ
ഇലപൊഴിഞ്ഞ വൃക്ഷച്ചുവട്ടിൽ
തളർന്നുറങ്ങീയവർ
ആൽത്തറയിലെ കൽവിളക്കിൽ
എണ്ണത്തിരിയിട്ടെണീറ്റ പ്രഭാതം
മാർഗഴിരാഗങ്ങൾ പാടി
മനസ്സിന്റെ ജാലകവിരിയിൽ
മഞ്ഞുതുള്ളികൾ മിന്നി
ആമ്പൽക്കുളവും കടന്ന്
വയൽവരമ്പിലൂടെ നടന്ന്
ഗ്രാമവാതിലിനരികിലെത്തിയപ്പോഴേയ്ക്കും
ഇലപൊഴിഞ്ഞ വൃക്ഷച്ചുവട്ടിൽ കുടിയേറിയവർ
കുടിലുകൾ പണിതിരുന്നു
മൂടൽമഞ്ഞുമൂടിയ കുടിലുകൾ
ഡിസംബറിന്റെ സ്മാരകം....
No comments:
Post a Comment