Saturday, December 11, 2010

ശംഖിന്റെയുള്ളിലെ കടൽ

ശബ്ദായമാനമായ ഇടവഴിയിലെ
ആരവത്തിനിടയിൽ മനസ്സ് മരവിച്ച
കടൽത്തീരത്തടിഞ്ഞ ഹൃദയാകൃതിയുള്ള
ഒരു ശംഖിന്റെയുള്ളിലിരുന്ന്
കടൽ പാടി...
നിയന്ത്രിതശ്രുതിയിൽ...
നിമിഷങ്ങൾ തച്ചുടച്ചു വാർത്ത
ഓട്ടുരുളികളിൽ അരിയിട്ടെഴുതിയ
ആകർഷകമായ അക്ഷരങ്ങൾ
ചുറ്റിൽ നൃത്തമാടുമ്പോഴും
ആൾക്കൂട്ടം അക്ഷരതെറ്റുകൾ തേടി
നാൽക്കവലയിൽ ചുറ്റിത്തിരിഞ്ഞു
രാവിന്റെ ചേലചുറ്റിയൊഴുകിയ
നദീതീരത്തിരുന്ന്
ആദിമസംസ്കാരാത്തിനനുബന്ധമെഴുതി
അഗ്രഹാരങ്ങൾ...
നാക്കിലയിൽ വെണ്ണ നേദിച്ച
പുലർകാലത്തിനരികിൽ
തീർഥക്കുളത്തിനരികിൽ
ഞാനിരുന്നു...
ശംഖിലെ കടലൊഴുകീ
മനസ്സിൽ.....

No comments:

Post a Comment