ചില്ലുകൂടാരം
അടച്ചുതഴുതിട്ട വാതിലിനരികിൽ
മൂടൽമഞ്ഞുനൂൽ കൊണ്ടൊരു
മറനെയ്തു ഡിസംബർ
ചിറകിൽ മഞ്ഞുതൂവി
സൂചിമുഖിപ്പക്ഷികൾ
വൃക്ഷശിഖരങ്ങളിലിരുന്നു
നിലാവിന്റെ പൂക്കൾ വാടിവീണ
അമാവാസിയിൽ
ഋണബാധ്യതകളില്ലാതെ
ശിലയായി മാറി മൗനം
യുദ്ധമുപേക്ഷിച്ച്
ചരിത്രം നടന്നുപോയ
പർവതശിഖരങ്ങളിൽ
നിന്നടർന്നു വീണു
കാലം പണിതുയർത്തിയ
ഒരു ചില്ലുകൂടാരം...
അതിൽ നിന്നൊഴുകി
നിലാവിന്റെ വാടിയ പൂവിതളുകൾ
അമാവാസിയുടെ പുകച്ചുരുളുകൾ
ഭൂമിയുടെ പഴയ എഴുത്തോലകൾ
നിമിഷങ്ങളിൽ നിന്നടർന്ന
ഘടികാരസൂചികൾ
കടൽച്ചിപ്പികൾ
പൂഴിമണൽത്തരികൾ
മഷിപ്പാടുകൾ....
പിന്നെ ഓലക്കുടയിൽ
മുഖം മറച്ച ഒരു ലോകവും.....
ഉടയാത്തതായി
ഒന്നുമുണ്ടായിരുന്നില്ല
ചരിത്രപേടകത്തിനുള്ളിൽ
No comments:
Post a Comment