Tuesday, December 7, 2010

 മാർഗഴിരാവുകൾ


ചുറ്റുമതിലുകൾക്കുള്ളിൽ
രുദ്രാക്ഷമെണ്ണിയിരുന്നു
വില്വപത്രങ്ങൾ
മിഴിയിലൊതുങ്ങാതെ
മുന്നിൽ വളർന്ന ലോകം
കുരുക്കിയിട്ട വിൺതാരകങ്ങൾ
മനസ്സിലെ ചെപ്പിൽവന്നിരുന്നു
മതിൽക്കെട്ടിനപ്പുറം
ശബ്ദായമാനമായ വീഥികളിൽ
നദിപോലെയൊഴുകീ കല്പനകൾ
കഥയെഴുതിയെഴുതി
മഷിയുണങ്ങിയ തൂലികയുമായിരുന്നു
കാലം........
ഋതുക്കൾ നിർനിമേഷം നിന്ന
ശരതക്കാല സങ്കർഷണചതുർഥിയിൽ
മറയിടാനൊരു 
മുകിൽ തേടിയലഞ്ഞു നിലാവ്...
ചെത്തിമിനുക്കിയ കല്ലിലുയർന്ന
മതിലുകൾക്കപ്പുറം
തുഷാരകണങ്ങൾ തൂവിയ
മാർഗഴിരാവുകളിൽ നിന്നുണർന്നു
അപൂർവരാഗങ്ങൾ...
അപൂർവസങ്കല്പങ്ങൾ...

No comments:

Post a Comment