Tuesday, December 7, 2010

 ചുമരെഴുത്തുകൾക്കപ്പുറം

ചുമരെഴുത്തുകളിൽ,
ഭൂചലനങ്ങളിൽ
സ്ഥായിയായ ആകൃതി നഷ്ടമായ
ഇടിഞ്ഞുതുടങ്ങിയ പാലത്തിലൂടെ
കാലം രാപ്പകലുകളുടെ ചിതറിയ
തുണ്ടുകളുമായ് യാത്രതുടർന്നു
നദീതീരക്കരയ്ക്കരികിലുണർന്ന
ആദിസംസ്ക്കാരങ്ങളിൽ നിറയുന്നു
ഹൃദ്രക്തഗന്ധം
ചോർന്നൊലിക്കുന്ന
സത്യത്തിനരികിൽ
മിഴികളടച്ചിരുന്നു ലോകം
തെങ്ങോലമെടഞ്ഞ കുടിലിൽ
പുകഞ്ഞു ദരിദ്രസങ്കടം
ഗ്രാമങ്ങളുടെ ആത്മാവിൽ
നഗരം നെരിപ്പോടുകളായി..
ഉടഞ്ഞ ചില്ലുജാലകങ്ങളെ
മൂടൽമഞ്ഞിന്റെ വിരികൾ മൂടിയിട്ടു
ചുമരെഴുത്തുകളിൽ, ഭൂചലനങ്ങളിൽ
തകർന്നുടഞ്ഞ വാതിലുകൾക്കരികിൽ
ചുറ്റുവലയങ്ങളായ് തിരിഞ്ഞു
നിമിഷങ്ങൾ...
ചുമരെഴുത്തുകൾക്കപ്പുറം
തപസ്സിരിക്കുന്ന
ജപമാലകൾക്കപ്പുറം

നിഗൂഢമായ അനിവാര്യതയ്ക്കപ്പുറം
സംവൽസരങ്ങളെഴുതി സൂക്ഷിച്ച
ഇതിഹാസസ്മൃതികളിൽ
നിന്നുണർന്നുവന്നരികിലിരുന്നു
പ്രശാന്തി...

No comments:

Post a Comment