Friday, December 10, 2010

സ്വർഗവാതിലിനരികിൽ


പുലർകാലസ്നിഗ്ദതയിൽ
നിമിഷങ്ങൾക്കിടയിലൊളിച്ച
ശ്രുതിതേടിനടന്നു
സ്വരസ്ഥാനങ്ങൾ...
അനേകകോടി
അപസ്വരങ്ങൾക്കിടയിൽ
ലോകം തേടി
ഒരു പൂർണപ്രതിശ്രുതി
അരയാൽത്തറയിൽ മിന്നിയാടിയ
ശിശിരവെയിൽതുമ്പിൽ
മഞ്ഞുതുള്ളികൾ മായുമ്പോൾ
ഞാൻ തേടി നടന്നു
ജപമന്ത്രങ്ങളുരുവിടുന്ന
തപോവനങ്ങൾ,
പവിത്രം കെട്ടിയ പർണശാലകൾ
സങ്കീർണ്ണതയുടെ
സഞ്ചാരപഥങ്ങളിൽ
നിന്നകന്നുനീങ്ങി മനസ്സ്..
അരികിൽ ശരശയ്യയിലുറങ്ങുന്നു
ദക്ഷിണായനം...
ധനുമാസരാവുകൾ
പദം വച്ചു പാടുന്നു...
നിലാവിന്റെ ചാരുതയിൽ
നക്ഷത്രവിളക്കുകൾക്കരികിൽ
വാതിലുകൾ തുറന്നിടുന്നു സ്വർഗം....

No comments:

Post a Comment