Monday, December 27, 2010

മൂടൽമഞ്ഞിന്റെ നേരിയ പാളികൾക്കിടയിൽ

വിരലുകളോട് പലകുറിപറഞ്ഞു
എഴുതാതിരിക്കുക
പറഞ്ഞിട്ടും കേൾക്കാത്ത എന്തോ ഒന്ന്
മഹാധമിനികൾ വിരൽതുമ്പിലേയ്ക്കിറ്റിക്കുന്നു
കണ്ണുകളോട് പലകുറി പറഞ്ഞു
രണ്ടുവാതിലുകളുമടച്ചു തഴുതിടാൻ
അടച്ചിട്ടുമടച്ചിട്ടുമടയാതെ
ശിരസ്സിൽ നിന്നപൂർവമായ
സന്ദേശങ്ങൾ മിഴിരണ്ടിലേയ്ക്കൊഴുകുന്നു
വിരലുകളും മിഴികളുമിപ്പോൾ
നിയന്ത്രണപരിധിയിൽ നിന്നകലെ
അകലെയകലെയൊരു
മഞ്ഞുമൂടിയ ഉപദ്വീപിൽ
ഋതുക്കൾ പോൽ
ഒഴുകുന്ന കാലചക്രം പോൽ
വിരലുകളും ചലിച്ചുകൊണ്ടേയിരിക്കുന്നു
മഞ്ഞിൽ മുക്കിയെഴുതുന്നു പലതും
ഉറഞ്ഞ മണ്ണിൽ
മൂടൽമഞ്ഞിന്റെ നേരിയ
പാളികൾക്കിടയിൽ....

No comments:

Post a Comment