Sunday, December 5, 2010

ഭൂമി

വിരൽതുമ്പിലുരുമ്മി
ആരോഹണസ്വരങ്ങൾ
താരസ്ഥായിയിൽ
നിന്നും മന്ത്രസ്ഥായിലേയ്ക്ക്
തിരികയെത്തിയപ്പോൾ
പ്രകൃതിസ്വരങ്ങൾ തേടി ഭൂമി....
അതിരുകളിൽ ശിശിരം
പർവതമുകളിൽ മഞ്ഞുമൂടിയിടുമ്പോൾ
അലയടിക്കുന്ന സമുദ്രതരംഗങ്ങളിൽ
നിന്നുയർന്നു അന്തരഗാന്ധാരം..
നൂറ്റാണ്ടുകളുടെ ചരിത്രം സൂക്ഷിച്ച
സ്മാരകശിലകളിലുറങ്ങി
വിഷാദസ്വരങ്ങൾ...
മഹാതീർഥങ്ങളിൽ
വേറിട്ടൊഴുകിയ ഗംഗയും
അദൃശ്യയാത്രാപഥങ്ങൾ
തേടിപ്പോയ സരസ്വതിയും
യാദവകുലമുരളീരവമൊഴുകിയ
യമുനയും
ഘനരാഗസ്വരങ്ങളിൽ
സംഗമകലശത്തിൽ
നിറയുമ്പോൾ
ഭൂമിയുടെ തംബുരുവിൽ
ശ്രുതിയിട്ടുണർന്നു
സമ്പൂർണരാഗം...
മായാമാളവഗൗളം....

No comments:

Post a Comment