Wednesday, December 15, 2010

കുറുകയും നെടുകയും കെട്ടുപിണഞ്ഞ വഴി

കുറുകയും നെടുകയും
കെട്ടുപിണഞ്ഞ വഴികളിൽ
പല്ലക്കിൽ ഭാരച്ചുമടുമായ്
ചുറ്റിത്തിരിഞ്ഞു മഞ്ഞുകാലം..
രസതന്ത്രമിശ്രണങ്ങളിൽ
മിന്നിയ പരീക്ഷണശാലയിലുറങ്ങി
ലോഹക്കൂട്ടുകൾ..
വിരലുകൾക്കുള്ളിലൂടെ
വാക്കിലൊഴുകി ശിശിരത്തിലെ
ഘനീഭവിച്ച അഗ്നി..
മുറുകിയ വീണക്കമ്പികളിൽ
തട്ടിയുടഞ്ഞു ഒരു ഘനരാഗം...
വിളക്കുമാടത്തിൽ
എണ്ണവറ്റി കരിന്തിരികത്തിയ
വിളക്കിൽ എള്ളെണ്ണ പകർന്നു
ബ്രാഹ്മമുഹൂർത്തം....
നിടിലത്തിൽ ചന്ദനം തൂവിയ
ചന്ദനത്തട്ടുകളിൽ
അക്ഷതവുമായുണർന്നു
പ്രഭാതം....
എഴുതിതീരാത്ത കല്പനകൾ തേടിയ
കാലത്തിനരികിൽ,
സംഗീതമൊളിപ്പിച്ച
മുളംകാടുകൾക്കരികിൽ
ശിശിരം കെടുത്തി
ഉലയിലെ അഗ്നി.....
കുറുകെയും നെടുകയും
കെട്ടുപിണഞ്ഞ വഴിയിൽ
ചുറ്റിത്തിരിഞ്ഞു വിധി
വഴിയറിയാതെ.....

No comments:

Post a Comment