Monday, December 20, 2010

തുടർക്കഥയ്ക്കൊരനുബന്ധം

തുടർക്കഥയ്ക്കനുബന്ധമെഴുതിയ
ചിത്രതൂലികയിലെ മഷിയുറഞ്ഞു
അക്ഷരങ്ങളിൽ മഞ്ഞു തൂവി
ശിശിരം ശബ്ദരഹിതമായ
ശൂന്യതയിൽ തപസ്സിലായി....
മൂടൽമഞ്ഞിന്റെ നേരിയ
പാളികൾക്കിടയിലൂടെ
ഉറഞ്ഞ പോയ അക്ഷരങ്ങളെ
കനൽതീയിട്ടുരുക്കി ഭൂമി
തീറെഴുതിയ ജന്മസങ്കടങ്ങളിലുലഞ്ഞ
ശിരസ്സിൽ നിന്നു മാഞ്ഞു
ശംഖിനുള്ളിലെ ഒരു രാശി
ഒരു പണതൂക്കം....
എന്നിട്ടും ശംഖിലൊരു
കടലുണ്ടായിരുന്നു
കരകാണാക്കടൽ...
സംവൽസരങ്ങളുടെ
ചക്രവേഗമായ
ദിനരാരാത്രങ്ങളിലൂടെയുണർന്ന
ഋതുക്കൾക്കനുബന്ധമെഴുതാൻ
എന്നും ഒരു കല്പിതകഥയുണ്ടായിരുന്നു..
കളിവിളക്കിനു മുന്നിലെ
മിനുക്കുവേഷങ്ങൾ...
യാഥാർഥ്യം എത്രയോ അകലെ....

No comments:

Post a Comment