ഹൃദ്സ്പന്ദനങ്ങൾ
വസന്തകാലപൂവുകൾതേടി നടന്നു
തണുത്തുറഞ്ഞ ശിശിരം...
ശിശിരത്തിൽ നിന്നും
വസന്തത്തിലേയ്ക്കുള്ള ദൈർഘ്യം
മാർഗഴിരാവുകൾ മറന്നു
അതിൽ നിറയെ സംഗീതമായിരുന്നു...
മനസ്സുതേടി കാറ്റിന്റെ മർമ്മരസ്വനം
കിളിക്കൂടുകളിലുറങ്ങി ഗ്രാമസന്ധ്യ
നഗരത്തിൽ
കിളിക്കൂടുകളുണ്ടായിരുന്നില്ല
അംബരചുംബികളിൽ
ആത്മാവ് നഷ്ടപ്പെട്ട
വൃക്ഷശാഖകളിൽ
കൂടുകെട്ടി പാർത്തു അനിശ്ചിതത്വം..
പുകച്ചുരുളുകളിൽ പാതി തീർന്ന
ജീവരേഖകൾ തിരക്കിട്ടോടിയ
ശബ്ദായമാനമായ വഴിയോരങ്ങളിൽ
വഴിയറിയാതെയുഴറി ഗ്രാമഭൂമി
ശിശിരത്തിലെ കുളിരിൽ,
മഞ്ഞുതുള്ളികളിൽ ഘനീഭവിച്ചു
സമാന്തരരേഖകൾ......
No comments:
Post a Comment