നെരിപ്പോടിലെ കനലുകൾ
ചുറ്റും തീയാളിയപ്പോൾ
ഗ്രീഷ്മം പുകഞ്ഞു
ശിശിരത്തിനതൊരു
പുതുമയായി തോന്നിയതേയില്ല
നെരിപ്പോടിലെ
തീക്കനൽ തണുത്തുറയുമ്പോൾ
കത്തിയൊടുങ്ങിയതെല്ലാം
ചാമ്പൽകൂടയിലായി...
വിഭൂതിയിൽ മുങ്ങിതോർത്തി
ശിശിരകാലമേഘങ്ങൾ പറന്നു
ജമന്തിപൂവുകൾ വിടർന്ന
പൂപ്പാടങ്ങളിൽ പൂക്കളിറുത്തുനടന്നു
മഞ്ഞുകാലം
ഉറഞ്ഞ മഞ്ഞുപാളികൾക്കിടയിൽ
യാത്രാവഴി മുടങ്ങിയവർ
ദൂരമേറിയ പുതിയ വഴികൾ പണിതു
വഴികൾക്കാരോടും
അപരിചിതത്വമില്ലായിരുന്നു
നനുത്ത പുൽനാമ്പുകളിലൂടെ
നടന്നുവന്ന പ്രഭാതത്തിനും..
നെരിപ്പോടുകളിലെ
കനലുകളുകതറിയാതെ പോയി...
No comments:
Post a Comment