മഞ്ഞുകാലത്തിന്റെ ഗ്രന്ഥപ്പുരയിൽ
മഞ്ഞുകാലത്തിന്റെ ഗ്രന്ഥപ്പുരയിലിരുന്ന്
നടന്നു നീങ്ങിയ ഋതുക്കൾക്കടിക്കുറിപ്പെഴുതി
ഡിസംബർ..
വസന്തകാലപൂക്കളും,
ഗ്രീഷ്മത്തിന്റെ കനലും,
മഴക്കാലനിനവും,
ശരത്ക്കാലവർണങ്ങളും
ഇലപൊഴിയും വൃക്ഷശിഖരങ്ങളിൽ
മഞ്ഞുതൂവിയ ശിശിരവും
ഡിസംബറിന്റെ ഓർമച്ചെപ്പിലേയ്ക്കൊഴുകി
ലോകം സ്വരങ്ങളിൽ നിന്നപസ്വരങ്ങളിലേയ്ക്ക്
ചെരിയുമ്പോഴും
കടലുലഞ്ഞ ഓർമകൾ
തീരങ്ങളിലേയ്ക്കുയരുമ്പോഴും
ഛിന്നഭിന്നമായ കണ്ണാടിതുണ്ടുകളിൽ
പ്രതിരൂപങ്ങൾ പലതാകുമ്പോഴും
സമാന്തരരേഖകളുടെ ദൂരമളന്ന
മഞ്ഞുകാലത്തിന്റെ ഗ്രന്ഥപ്പുരയിൽ
അവലോകനങ്ങളുടെ
അടിക്കുറിപ്പുകളിൽ
മഞ്ഞുതൂവി ഡിസംബറെഴുതി
ഒരു വർഷത്തിന്റെ ഓർമ്മക്കുറിപ്പുകൾ....
No comments:
Post a Comment