Friday, December 10, 2010

നക്ഷത്രമിഴിയിലെ അഗ്നി

തുടർക്കഥയെഴുതിയെഴുതി
രംഗോലിക്കളങ്ങളിലെ
ചായക്കൂട്ടുകൾ പോലെ
അകമെയും പുറമെയും 
ദീർഘ,സമചതുര,
വൃത്ത,അർദ്ധവൃത്തരൂപങ്ങളിൽ
നിന്നുയിർകൊള്ളുന്ന
കല്പനകളാർക്കുവേണ്ടി?
അയനിയിൽ നിന്നും
ഹോമകുണ്ഡത്തിലേയ്ക്ക് പകർന്ന
അഗ്നിയേത്?
മനസ്സിൽ പുകഞ്ഞ അഗ്നിയേത്
അരക്കില്ലത്തിൽ കത്തിയ പകയേതഗ്നി
വിവേകിയുടെ അവിവേകമേതഗ്നി
യന്ത്രപ്പുരകളിൽ
വൈദ്യുതീകരിച്ച അഗ്നിസ്ഫുലിംഗങ്ങളിലൂടെ
നടന്നുവരുന്ന അയഥാർഥ്യങ്ങളുടെ
ഉലയിൽ ഉരുക്കിയൊഴിക്കുന്ന
ഒരു പിടി അക്ഷരലിപികളിൽ
മറയുമോ നക്ഷത്രമിഴിയിലെ അഗ്നി?

No comments:

Post a Comment