ചുരുങ്ങിയൊതുങ്ങിയ ലോകം
ആകാശം സത്യമെഴുതി
താഴെയൊഴുകിയ മുകിലുകൾ
അസ്ഥിരസത്യമെഴുതി
ഇടയ്ക്കെവിടെയോ
അപ്രതീക്ഷിതമായി
വൈരുദ്ധ്യങ്ങളിൽ,
അരോചകതയിൽ,
ആത്മവിലാപങ്ങളിൽ,.
അശാന്തിയിൽ,
സൂക്ഷ്മതയിൽ
ലോകം ചുരുങ്ങി....
ഒരു ചിമിഴിനുള്ളിൽ ഭൂമിയൊളിച്ചു
ആളൊഴിഞ്ഞ ഇടവഴിയ്ക്കപ്പുറം
ഇലപൊഴിയും കാലത്തിനോർമ്മക്കായ്
ശിശിരം പണിതു ഒരു കുടിൽ..
മഞ്ഞിൽ മൂടിയ വിധിയുടെ വഴിയിൽ
മൺചിരാതുകൾ തെളിച്ചു മനസ്സ്
കുടീരങ്ങളിൽ കുലം തേടിനടന്ന
കാല്പ്പദങ്ങളിലൂടെയൊഴുകീ വർഷങ്ങൾ..
ആയുർരേഖയുടെ നീളമളന്ന
നെടുവീർപ്പുകൾ വിരൽതുമ്പിലൊഴുകി
സംഘർഷങ്ങളിൽ അസ്വസ്ഥമായ
അസ്ഥിരചിന്തകളിലൂടെ
ഋതുക്കൾ നടന്നു....
അശോകമരച്ചുവട്ടിൽ ശിശിരക്കുളിരകറ്റാൻ
കനലിട്ടിരുന്ന ഗ്രാമത്തിനു മുന്നിൽ
ചിമിഴിലൊളിച്ച ഭൂമിയുടെ മുന്നിൽ
ലോകം ചുരുങ്ങിയൊതുങ്ങി
ഒരു മൺതരിയായി ...
No comments:
Post a Comment