അതിരുകളില്ലാത്ത ലോകം
ഉദയാസ്തമയങ്ങളുടെ ചിമിഴിൽ
വ്യത്യസ്തമായ സമയരേഖയിൽ
വേറിട്ട അക്ഷരലിപികളിൽ
പലതായി ഭൂഖണ്ഡങ്ങൾ...
ഭൂമധ്യരേഖയിയ്ക്കിരുവശവും
വ്യത്യസ്ത ധ്രുവങ്ങളിൽ
മതിലുകൾ പണിതു
പർവതശിഖരങ്ങൾ..
ഭൂമിയുടെ മൺപാത്രങ്ങളിലൊഴുകീ
മഹാസമുദ്രങ്ങൾ...
ചക്രവാളം അതിരിട്ടു ചുറ്റിയ
നേർത്ത കാന്തികവലയത്തിലുലയുന്ന
നിറക്കൂട്ടുകളിൽ കമനീയമായ
ചിത്രപടങ്ങൾ നെയ്തു ഋതുക്കൾ..
കവാടങ്ങളിലൂടെ കാണുന്ന
നിമിഷക്കാഴ്ചകളിലൊഴുകി
മനസ്സിന്റെ ദുർഗ്രാഹ്യതകൾ...
ദുർഗമമായ ആരണ്യകത്തിൽ
ചെങ്കുത്തായ പർവതശിഖരങ്ങളിൽ
ശിരോലിഹിതങ്ങൾ യാത്രചെയ്തു..
കടലിലൊഴുകിയ
മുത്തുചിപ്പികൾ തേടി
ഒരു ചെറിയ പായ് വഞ്ചിയിൽ
മനസ്സ് യാത്രചെയ്തു.
ചിപ്പികൾക്കുള്ളിലും
ഒരു ലോകമുണ്ടായിരുന്നു
അതിരുകളില്ലാത്ത കടലിന്റെ
വലിയ ചെറിയ ലോകം.......
No comments:
Post a Comment