തലാതലങ്ങൾ
സമതലങ്ങളിലൂടെ
നടക്കുന്നത് സുഖകരം
ആയാസരഹിതം
കടലുകൾ താണ്ടി
ദ്വീപുകളിലൂടെ
ഉപദ്വീപുകളിലൂടെ
ആരണ്യകത്തിന്റെ
നിഗൂഢതയിലൂടെ
ലോകാലോകപർവതമേറുക
ആയാസകരം.
തലാതലവിതലങ്ങളിൽ
ധ്യാനം ചെയ്യുന്നവരെത്രയോ..
പർവതങ്ങളാൽ ചുറ്റപ്പെട്ട രാജ്യം
ഉൾയുദ്ധത്തിൽ
ഗുഹകളിലൊളിപാർക്കുന്ന
നിശബ്ദതീവ്രവാദം
അതിരുകളിൽ സംഘർഷം
പ്രശാന്തിയുടെ അക്ഷരമെവിടെ..
കൽമറകൾക്കുള്ളിൽ
അതീവഗൂഢമായ്
മറഞ്ഞിരിക്കുന്നതാരോ
ഋതുക്കൾക്ക് മൂടുപടമിട്ടതാരോ
പാലങ്ങളിൽ നിന്നുയരുന്ന
ഇരമ്പം....
താഴ്വരകളിലെ പ്രതിധ്വനി....
മൂടൽമഞ്ഞിനപ്പുറം
മിഴിപൂട്ടീയിരുന്നു ഭൂമി..
ലോകം നടന്നു നീങ്ങി
അവ്യക്തമായ
സമതലങ്ങളിൽ.....
No comments:
Post a Comment