Monday, December 6, 2010

നീർമരുതുകൾക്കിടയിൽ

നീർമരുതുകൾക്കിടയിൽ
കാലം തിരഞ്ഞു
എഴുതിനിറയ്ക്കാനാവാത്ത
ഒരു സർഗം
അതിശൈത്യത്തിന്റെ
പുതപ്പണിഞ്ഞ
കടൽത്തീരമണലിൽ
ഉണരാൻ വൈകിയ
പ്രഭാതത്തിൽ അഗസ്ത്യനെ തേടി
വിന്ധ്യപർവതം
സുമേരുവിന്റെ സ്വർണവർണം
ശരത് ഋതു മൺചിരാതുകളിലൊളിപ്പിച്ചു
ശിശിരകാലസന്ധ്യകളിൽ
നടപ്പാതകളിൽ
കൊഴിഞ്ഞുവീണപൂവുകൾക്കരികിലൂടെ
നടന്നകന്നു പകൽ
ദിനാന്ത്യത്തിൽ എഴുതിതീർത്ത
അക്ഷരക്കൂട്ടങ്ങളിൽ നിറഞ്ഞു
കരിഞ്ഞുണങ്ങിയ ശിഖരങ്ങളിൽ
അമൃതുതുള്ളിവീണുണർന്ന
കടമ്പിൻപൂവിൻ സുഗന്ധം.....

No comments:

Post a Comment