മഞ്ഞുകാലപൂവുകൾ
പൂമരചില്ലയിൽ
കടന്നൽകൂടുകളേറ്റി
കടന്നുപോയി ഒരാൾ
അകത്തളത്തിലെ ഭിത്തികളിലും
കടന്നൽകൂടുകളുണ്ടായിരുന്നു
പൂക്കളെല്ലാം
കടന്നലുകൾ കുത്തിമുറിച്ചു..
ശാന്തമായുറങ്ങിയ
കടലിനരികിൽ
മൂളിപ്പാടിപ്പറന്നകലുമ്പോൾ
നാലുചുമരുകൾക്കുള്ളിൽ
പകവെട്ടി മനോധൈര്യം
ഹൃദയത്തിൽ വീണ സുഷിരങ്ങളെണ്ണി
നിമിഷങ്ങളാശ്ചര്യഭരിതരായി
മിഴികളിലൂടെയൊഴുകിയ മഴതുള്ളികൾ
ഒരു ഋതുവിന്റെ പളുങ്കുമണികളായി
അകത്തളത്തിലും പുറത്തും
കോലാഹലമായിരുന്നു
ജയപരാജയരേഖയിൽ
കാലമെഴുതിയിട്ടു
ജ്ഞാനവിജ്ഞാനയോഗം
ശിശിരം നിശബ്ദമായ
സായന്തനത്തിൽ
ഘനീഭവിച്ച ആകുലതകൾക്കരികിൽ
ഉയർത്തെഴുനേറ്റു കർമയോഗം..
വിരലുകളിൽ വിടരുന്നു വീണ്ടും
മെല്ലെ മിഴിതുറക്കുന്ന
മഞ്ഞുകാലപൂവുകൾ...
No comments:
Post a Comment