മഞ്ഞിലുറഞ്ഞ ഭൂഖണ്ഡം
മൂവന്തിയ്ക്കരികിൽ
ചിതകൂട്ടി അസ്തമയം
രാവിനെഴുതാൻ
മഷിപാത്രവുമായ്
വന്നു അമാവാസി...
നിലാപൂക്കൾ മാഞ്ഞ
മുറ്റത്തിരുന്നുറങ്ങി ശിശിരം
കറുകനാമ്പിലെ
മഞ്ഞുതുള്ളികളിൽ
ഹോമപ്പുകയാളിയ
പ്രഭാതത്തിനരികിൽ
മിഴിപൂട്ടിയിരുന്നു മനസ്സ്...
എഴുതിയ വാക്കിന്റെ
അർഥതലത്തിനപ്പുറം
എഴുതാപ്പുറങ്ങളെഴുതി കാലം
ശിരോവസ്ത്രങ്ങളിൽ മഞ്ഞുതൂവി
പർവതശൃംഗത്തിനടിവാരത്തിൽ
തപസ്സിരുന്നു മൗനം...
ഒടുവിലൊരു ഋതുവിന്റെ
കുടമാറ്റത്തിനിടയിൽ
മഞ്ഞിലുറഞ്ഞു ഒരു കടൽ
ഒരു ഭൂഖണ്ഡം........
No comments:
Post a Comment