Monday, November 1, 2010

പ്രശാന്തിയുടെ തീരങ്ങൾ

കാലമേ!
ഈ ചെറിയ ഭൂമിയുടെ
മുദ്രാങ്കിതങ്ങളിൽ
ഭൂതഭവിഷ്യപ്രദീപ്തകമായ
ഒസ്യത്തുരേഖകളില്ല
ഹൃദ്രക്തം തേടി
നീയലയേണ്ടതില്ല
അതൊരു നീരാളിയെന്നേ
ഊറ്റിയെടുത്തു....
ഹൃദയത്തിലിന്നൊഴുകുന്നു കടൽ
ആ കടലിൽ ശാന്തിയുടെ
ശംഖുമുഖങ്ങൾ....
അനന്തശയനം...
പൂവായി വിരിയുന്നു മുന്നിൽ
വർത്തമാനകാലം
പ്രശാന്തിയുടെ തീരങ്ങളിൽ...
വർത്തമാനകാലത്തിനതിരുകളിൽ
ഗ്രാമം ചുറ്റിയ നെൽപ്പാടങ്ങൾ.....
ഗ്രാമത്തിന്റെ നിറുകയിൽ
കുന്നിൻമുകളിൽ ആകാശമെഴുതിയ
അനന്തതയുടെ ചിത്രങ്ങൾ
ഭൂതഭവിഷ്യവ്യസനമുറങ്ങിയ
ആലിലകൾ...
കായൽക്കരയിലെ നീരാട്ടുകടവിൽ
സ്വപ്നം കണ്ടുണരുന്ന നെയ്യാമ്പലുകൾ
ശരത്ക്കാലസന്ധ്യയിൽ
ജപം കഴിഞ്ഞുറങ്ങുന്ന
പഴയ നാലുകെട്ടിൽ
എഴുത്തോലകളിൽ നിന്നുണരുന്നു
മനോഹരമായ ഇതിഹാസങ്ങൾ...
കെടാവിളക്കുകൾ...
സഹസ്രശതാബ്ദങ്ങളിൽ
യുഗപരിണാമങ്ങളിൽ
മായാതെ നിന്ന
ശാന്തിമന്ത്രങ്ങൾ....

No comments:

Post a Comment