Tuesday, November 30, 2010

ഡിസംബർ

വാകമരച്ചുവട്ടിലെ
കനൽത്തീ ഡിസംബറിനേകി
നവംബർ മെല്ലെ മഞ്ഞുപാളികളിലേയ്ക്ക്
മാഞ്ഞു
രുദ്രതീർത്ഥക്കുളത്തിനരികിൽ
കടലിലൊഴുകിയെത്തിയ
ശ്യാമശിലയിൽ നിന്നൊഴുകി
വാകച്ചാർത്തിൻ ഹരിതഭംഗി
ഞാനുണർന്ന ഡിസംബർ
ശിലാസ്നിഗ്ദതയിൽ
നിന്നുണർന്നവന്ന
ഒരു സ്വരം പോലെയൊഴുകി.. ...
മൂടൽമഞ്ഞിന്റെ നേരിയ ജാലകം
തുറന്നാകാശത്തേയ്ക്ക് മിഴിനട്ടിരുന്നു
പ്രഭാതം
ചന്ദനച്ചിതയിൽ
കാലം കടഞ്ഞു ചരിത്രം
എഴുതിയെഴുതിയലങ്കോലപ്പെട്ട
പൂഴിമണലിൽ നിറഞ്ഞു
അക്ഷരങ്ങളുടെ രംഗോലി
ചിത്രവൈചിത്ര്യം...
നവംബറിൽ നിന്നിറ്റുവീണ
മഞ്ഞുതുള്ളികൾ,
ദൈനംദിനക്കുറിപ്പുകൾ
മഞ്ഞിൽ മൂടി
യവനിക നീക്കിയരികിൽ വന്നു
ഡിസംബർ..

No comments:

Post a Comment