Sunday, November 28, 2010

ഹൃദ്സ്പന്ദനങ്ങൾ


നിമിഷങ്ങളുടെ
ദുർഗ്രാഹ്യതയിൽ
ദുർഗമഗർത്തങ്ങളിൽ
ഒളിയ്ക്കാനാവാതെ
സ്വപ്നജാഗ്രത്തിനിടയിലെ
വിഹ്വലതയിൽ
മായാനാവാതെ
ഇടവേളയിലെ ഇടുങ്ങിയ
വീർപ്പുമുട്ടിക്കുന്ന
നാലതിരുകളിലെ
സായുധരേഖകളിൽ
മഞ്ഞുപോലുറയാനാവാതെ
സുഗന്ധതൈലചെപ്പുതുറന്ന
ചെമ്പകപ്പൂക്കളെ
തേടിനടന്ന കാറ്റിനരികിൽ
തപസ്സിരുന്നു ഗ്രാമം..
ഈറനണിഞ്ഞ പ്രഭാതത്തിനെ
ഒരു ശംഖിലാക്കി
അഭിഷേകം ചെയ്ത
ശ്രീകോവിലിൽ
കർപ്പൂരാരതിയുമായ് നിന്നു കാലം
ഒഴിഞ്ഞ നിവേദ്യപാത്രത്തിൽ
നിറഞ്ഞു തുളസിപ്പൂവുകൾ
പഞ്ചദിവ്യവാദ്യങ്ങളിൽ
നിന്നൊഴുകി
ഭൂമിയുടെ ലയവിന്യാസം
ഹൃദ്സ്പന്ദനതാളം....

No comments:

Post a Comment