ഹൃദ്സ്പന്ദനങ്ങൾ
എവിടെയോ മറന്ന
ഒരു വാക്കിലെ
സത്യം തേടി നടന്നു ഭൂമി.
ശരത്ക്കാലത്തിലെ
പ്രഭാതത്തിനരികിൽ
അമ്പലപ്രാവുകൾക്കരികിൽ
ആമ്പൽക്കുളത്തിനരികിൽ
അതിരാത്രം ചെയ്ത
അഗ്നിയിൽ
ആരോ മനപ്പൂർവം
മറന്ന സത്യം...
മേച്ചില്പ്പുറങ്ങളിൽ
പുൽനാമ്പുകളിൽ
മഞ്ഞുപൊഴിയുന്ന
ഹിമാലയത്തിനരികിൽ
സംഗമതീർഥത്തിൽ
നടന്നു നീങ്ങാനാവാതെ
തണുത്തുറഞ്ഞ സത്യം
അതിശൈത്യം ഇലപൊഴിക്കുന്ന
വൃക്ഷശിഖരങ്ങളിൽ
ധനുമാസരാവിൽ
ഗ്രാമത്തിന്റെ തിരുനെറ്റിയിലെ
ചന്ദനക്കുളിർ തൊട്ട്
തേവർകുന്നുമലയിറങ്ങി
ആറ്റിലൂടെ
അനന്തത തേടിപോയ സത്യം..
സത്യത്തിനേതു മുഖം???
No comments:
Post a Comment