Monday, November 15, 2010

അനന്തശയനം

ഹേ ഗോപാലക!
നീയനന്തശയനത്തിൽ
നിന്റെ മുന്നിലെ
രാജകാരാഗൃഹങ്ങളിൽ
വിലങ്ങിലാക്കപ്പെട്ട
ഭൂമി....
ഉറങ്ങുകയോ നീ
അതോ ഉറക്കം നടിക്കുകയോ?
നിന്റെയരികിലൂടെ
കാഹളമൂതി കടന്നുപോയ
രാജവചനങ്ങൾ നീ കേട്ടുവോ?
നിന്റെ മുഖത്തൊരു മന്ദഹാസം
അതിലുണരുന്നു
കടൽ...
ക്ഷീരസമുദ്രം...
താമരയിതളുകളിൽ
എഴുതുന്നു ഞാൻ...
അനന്തശയനാ
നിനക്കായി
എന്റെ മനസ്സിന്റെയുൾവിളികൾ
നിന്റെ വാതിലുകൾ
തുറന്നുകിടക്കുന്നു
രാജവീഥികൾ ഛിദ്രമാക്കിയ
ഭൂഗൃഹങ്ങളിൽ നിന്നും
ഞാൻ സ്വർണവാതിലുകളിലൂടെ
വേദമുറങ്ങുന്ന
നിന്റെ മുഖപദ്മം തേടി വരുന്നു
അനന്തശയനാ
യോഗനിദ്രയിൽ നിന്നുണരുക
അറിവിന്റെ അക്ഷയപാത്രത്തിൽ
നീയെനിക്കായി ഭദ്രമായ് സൂക്ഷിക്കുക
അക്ഷരലിപികൾ
അപൂർണമായ താളിയോലകളിൽ
പൂർണതയായി നീയുണരുക.....

No comments:

Post a Comment