ഹൃദ്സ്പന്ദനങ്ങൾ
ധനുമാസക്കുളിരിൽ
ഇരുമുടി ശിരസ്സിലേറ്റി
മലകയറി
ആത്മസംഘർഷം....
പുലരാൻ വൈകിയ പ്രഭാതത്തിനെ
ഒരു ഒരു ചെപ്പിലായൊളിപ്പിച്ചു
വിഭൂതിയുടെ നിറമാർന്ന
മേഘപാളികൾ..
സ്വർഗം തേടിയോടിയ പ്രാമുഖ്യം
കാൽതെറ്റിവീണ
കൽസ്തൂപത്തിൽ
നിന്നകലെ
ഭൂമി ശിവവിഷ്ണുകവചങ്ങളിൽ
വില്വപത്രവും തുളസിപ്പൂവും
നേദിച്ചു.....
പൗർണമിയിലൂടെ യാത്രതിരിച്ച
അമ്മയുടെയോർമകളുമായ്
അരികിലിരുന്നു ഭൂമി.....
ധനുമാസത്തിലെ മഞ്ഞുതുള്ളികൾ
മാഞ്ഞുമാഞ്ഞില്ലാതെയായ
മദ്ധ്യാഹ്നത്തിൽ
ഇടനാഴിയിൽ വന്നുനിന്നു
മരണത്തിന്റെ ഗന്ധം...
കാവിപുതച്ച സന്ധ്യയെ
മായിച്ചു രാത്രിയുടെ ഗ്രഹണം
മുകൾപ്പരപ്പിൽ ആകാശം
താഴെ കാവ്യാത്മകമായ കടൽ
ഉൾക്കടലിലേയ്ക്കുള്ള ദൂരമളന്ന
മുളംകോലുകൾക്കുള്ളിൽ
ഒരു ചെറിയ വഞ്ചിയിൽ യാത്രയായി
ഉപദ്വീപിന്റെ ഉൾഗൃഹങ്ങളിൽ
നിന്നുണർന്ന അനുസ്വരങ്ങൾ......
No comments:
Post a Comment